ഇന്ന് കേരളത്തില്‍ 14 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ 95 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. കൂടാതെ കണ്ണൂര്‍ ജില്ലയില്‍ ചികിത്സയില്‍ ആയിരുന്ന ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ നിലവില്‍ 91 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
186 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 64,320 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 63,937 പേര്‍ വീടുകളിലും 383 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 122 പേരെയാണ് ഇന്ന് ആശുപത്രികളില്‍ അഡ്മിറ്റാക്കിയത്. 11,794 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. രോഗലക്ഷണങ്ങള്‍ ഉള്ള 4291 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 2987 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. കോവിഡ് 19 ന് എതിരെ എല്ലാ വിധ സന്നാഹങ്ങളും സർക്കാർ ഒരുക്കികൊണ്ടിരിക്കുകയാണ്. കോവിഡ് 19 ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷ വകുപ്പ് രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡുകളും പരിശോധനകള്‍ ശക്തമാക്കി. കഴിഞ്ഞ നാല് ദിവസങ്ങളിലായി സംസ്ഥാനത്ത് ആകെ 718 സ്ഥാപനങ്ങളില്‍ ശുചിത്വ പരിപാലനത്തെ സംബന്ധിച്ച് പരിശോധന നടത്തി. അതില്‍ 184 സ്ഥാപനങ്ങള്‍ക്ക് ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നിയമാനുസൃതം നോട്ടീസ് നല്‍കി.
പൊതുജനങ്ങള്‍ നിരന്തരം ബന്ധപ്പെടേണ്ട ഭക്ഷ്യവിതരണ കേന്ദ്രങ്ങളില്‍ ശുചിത്വ പരിപാലനം ഉറപ്പുവരുത്തുന്നതിനുള്ള ഉര്‍ജിത നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഇതനുസരിച്ചാണ് പ്രധാനമായും ആശുപ്രതി, ക്യാന്റീനുകള്‍, പബ്ലിക്ക് ഓഫീസ് ക്യാന്റീനുകള്‍, ജ്യൂസ് വില്‍ക്കുന്ന കടകള്‍, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് എന്നിവയുടെ പരിസരത്ത് പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ തുടങ്ങിയവയെ പ്രത്യേകം നിരീക്ഷിക്കുകയും പരിശോധന നടത്തുകയും ചെയ്യുന്നത്.

You must be logged in to post a comment Login