കൊറോണ പടരുന്ന സാഹചര്യത്തിൽ ശക്തമായ മുൻകരുതൽ നടപടികൾ എടുത്ത് കർണാടക സർക്കാർ. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാവരുടെയും കയ്യിൽ ഇന്ന് മുതൽ മുദ്ര കുത്തും. വീടുകളിലേക്കു പോകാതെ 14 ദിവസം ഇവർ നിരീക്ഷണത്തിൽ കഴിയണം. കഴിഞ്ഞ ദിവസം മുംബൈയിലും മുദ്ര കുത്തൽ നടപ്പാക്കിയിരുന്നു. നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ എല്ലാം 31 വരെ നീട്ടിയിട്ടുണ്ട് . ഇതുവരെ കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത് 14 പേർക്കാണ് .
സംസ്ഥാനത്തു ഒരാഴ്ചയ്ക്കിടെ 10 പേർക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട് ചെയ്തതോടെയാണ് നിലവിലുള്ള നിയന്ത്രണങ്ങൾ നീട്ടാനും, പുതിയ നടപടികൾ സ്വീകരിക്കാനും സർക്കാർ തീരുമാനിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് കൂടുതൽ നിയന്ത്രണങ്ങൾ. വിമാനത്താവളത്തിൽ നിന്നും വീട്ടിലേയ്ക്കു പോകാൻ സാധിക്കില്ല. ആശുപത്രികളിലും ഹോട്ടലുകളിലുമായി ഇവർ 14 ദിവസം ഐസലേഷനിൽ കഴിയണം. കൂടാതെ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ കയ്യിൽ മുദ്ര പതിപ്പിക്കുകയും ചെയ്യും. നിശാക്ലബ്ബുകളും പബ്ബുകളും മാളുകളും ബാറുകളും തിയറ്ററുകളും എല്ലാം മാർച്ച് 31 വരെ അടച്ചിഡാൻ തീരുമാനിച്ചിട്ടുണ്ട്. സ്കൂളുകൾക്കും കോളജുകൾക്കും പ്രഖ്യാപിച്ചിരുന്ന അവധിയും 31 വരെ നീട്ടി. ഇന്നലെ മാത്രം മൂന്നു പേർക്കാണു ബെംഗളൂരു നഗരത്തിൽ രോഗം സ്ഥിരീകരിച്ചത്. 11 പേർക്കാണ് നഗരത്തിൽ മാത്രം ഇതുവരെ കോവിഡ് 19 ബാധിച്ചിട്ടുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നത് 1862 പേരാണ് .

You must be logged in to post a comment Login