ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുകയാണ്. ഏഷ്യന്‍ രാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുമ്പോള്‍ ചൈന നിയന്ത്രണങ്ങള്‍ നീക്കി സാധാരണ നിലയിലേക്ക് വന്നു കൊണ്ടിരിക്കുന്നു. പൂര്‍ണമായും വൈറസിനെ നിയന്ത്രിച്ചുവെന്നാണ് ചൈന ഇപ്പോൾ അവകാശപ്പെടുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിനു വേണ്ടി ഉള്ള ഗവേഷണങ്ങള്‍ വിജയത്തിലേക്കെത്തിയെന്നാണ് ചൈന പറയുന്നത്. ചൈനയില്‍ നടക്കുന്നത് മൃഗങ്ങളെ വ്യാപകമായി ഉപയോഗിച്ചുള്ള പരീക്ഷണങ്ങളാണ് എന്ന് റിപ്പോര്‍ട്ടുണ്ട്.
ചൈനയില്‍ കൊവിഡ് ചികിത്സയ്ക്ക് കരടിയുടെ പിത്തരസം ഉപഗയോഗിക്കുന്നതായി നാഷണല്‍ ജ്യോഗ്രഫിക് റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. ചൈന വന്യമൃഗങ്ങളുടെ മാസം വില്‍ക്കുന്നത് പൂര്‍ണമായി നിരോധിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ക്കിടയിലാണ് കരടിയുടെ പിത്തരസം മരുന്നിന് വേണ്ടി ഉപയോഗിക്കുന്ന വാര്‍ത്തയും
പുറത്ത് വരുന്നത്. കരടിയുടെ പിത്തരസം അടങ്ങിയ ടാന്‍ റീ ക്വിങ് എന്ന കുത്തിവെപ്പാണ് കൊറോണ വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികള്‍ക്ക് നല്‍കുന്നത്. നിരവധി രോഗികള്‍ ഇതുവഴിയാണ് സുഖപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കരടിയുടെ പിത്തരസം കൊറോണ വൈറസ് ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയാല്‍ ഇത് കരടികളെ കൂട്ടമായി വേട്ടയാടുന്നതിന് കാരണമാകും. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കരടികളെ കാണപ്പെടുന്നത് ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് അവ ഇല്ലാതായാല്‍ ഈ മേഖലയിലെ കാടുകളിലെ ആവാസവ്യവസ്ഥയ്ക്ക് തന്നെ കോട്ടം സംഭവിക്കാനിടയുണ്ട്.

You must be logged in to post a comment Login