പത്തനംതിട്ട : അമേരിക്കന്‍ മലയാളികളുടെ ഓരോ ദിനങ്ങളും ഇപ്പോള്‍ കണ്ണീരിലും പ്രാര്‍ത്ഥനയിലുമാണ്. ഓരോ മണിക്കൂറിലും കൊറോണ വൈറസ് ജീവനെടുക്കുന്ന വാര്‍ത്തകളാണു പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
കാര്യങ്ങള്‍ ഇത്തരത്തില്‍ മുന്നോട്ടുപോകുമ്പോഴും സമ്പൂര്‍ണ ലോക്ക്ഡൗണിന് ഭരണകൂടം ഇപ്പോഴും തയാറായിട്ടുമില്ല. രോഗവ്യാപനം തടയണമെന്നു നിര്‍ദേശമുണ്ടെങ്കിലും നിരത്തുകളിലും കച്ചവടസ്ഥാപനങ്ങളിലും തിരക്ക്. ആറു മാസം പ്രായമായ കുഞ്ഞിന്റെ മരണം പോലും അവരെ ഞെട്ടിക്കാതിരിക്കെ, മലയാളി സമൂഹം പകച്ചുനില്‍ക്കുകയാണ്.
അവശ്യവസ്തുക്കളും രോഗപ്രതിരോധ ഉപാധികളും പോലും കിട്ടാത്ത ദുരിതജീവിതം. നാട്ടിലേക്കു മടങ്ങാന്‍ പോലുമാകാത്ത ദുരവസ്ഥ. കോവിഡ് ഏറ്റവും കൂടുതല്‍ ജീവനെടുത്ത ന്യൂയോര്‍ക്കും കണക്ടിക്കട്ടും മലയാളികള്‍ ഏറെയുള്ള സ്ഥലങ്ങളാണ്. ഇപ്പോഴും രോഗപ്രതിരോധത്തിനു കാര്യമായ ഒരു നടപടിയുമില്ലെന്നു കണക്ടിക്കട്ടില്‍നിന്ന് മലയാളിയായ ആരോഗ്യ പ്രവര്‍ത്തക പറഞ്ഞു. തദ്ദേശീയരെ ഇതൊന്നും ബാധിച്ച മട്ടില്ല. അവര്‍ പതിവുപോലെ തിക്കിത്തിരക്കുകയും യാത്ര ചെയ്യുകയും ചെയ്യുന്നു.
ഐടി ജീവനക്കാരിലേറെയും വീട്ടിലിരുന്നു ജോലി ചെയ്യാന്‍ തുടങ്ങിയതോടെ പൊതു ഗതാഗത സംവിധാനത്തില്‍ അല്‍പം തിരക്കു കുറഞ്ഞിട്ടുണ്ട് എന്നതാണ് ഏക ആശ്വാസം. വസ്ത്രശാലകള്‍, ചെരുപ്പുകടകള്‍, ബാര്‍ബര്‍ ബ്യൂട്ടീഷന്‍ സ്ഥാപനങ്ങള്‍ തുടങ്ങി ചുരുക്കം കടകള്‍ മാത്രമാണു കണക്ടിക്കട്ടില്‍ അടഞ്ഞുകിടക്കുന്നത്.
സാമൂഹിക അകലം പാലിക്കാനും മറ്റു പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും മലയാളികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവ് വലിയ പ്രശ്നമാണ്. മാസ്‌കുകളും സാനിറ്ററി വസ്തുക്കളും കിട്ടാനില്ല. ഒറ്റ ഉപയോഗത്തിനു മാത്രമുള്ള മാസ്‌കുകള്‍ ഒരാഴ്ചയോളം ഉപയോഗിക്കേണ്ട അവസ്ഥയാണു ക്ലിനിക്കുകളില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടേത്.
ക്ലിനിക്കുകളില്‍ ജീവനക്കാര്‍ക്ക് മാസ്‌ക് നല്‍കുന്നതിനോടൊപ്പം പേരെഴുതിയ കവറും നല്‍കും. ജോലികഴിഞ്ഞ് മാസ്‌ക് കവറിലാക്കി തിരിച്ചുനല്‍കണം. പിറ്റേന്നു വരുമ്പോള്‍ അതു വീണ്ടും കൈയിലെത്തും. എല്ലാ ജീവനക്കാര്‍ക്കും നല്‍കാനുള്ള ഗൗണുകള്‍ പല ക്ലിനിക്കുകളിലുമില്ല.
കോവിഡ് രോഗികളെ പരിചരിക്കുന്ന നഴ്സുമാര്‍ തന്നെയാണ് മറ്റു രോഗികളെയും ശുശ്രൂഷിക്കുന്നത്. ഒരേ ഗൗണ്‍ ധരിച്ചുള്ള ഇത്തരം ജോലി രോഗവ്യാപനത്തിന്റെ തീവ്രത കൂട്ടുകയാണ്. കോവിഡ് ലക്ഷണങ്ങളുള്ളവരോടു പോലും വീട്ടിലിരിക്കാനാണു നിര്‍ദേശം .കലശലായാല്‍ മാത്രമേ ആശുപത്രിയില്‍ പ്രവേശനം കിട്ടൂ.
ഇറ്റലിയിലും മറ്റും നടന്നതുപോലെ, പ്രായമായവരെ തള്ളിക്കളയുന്നു. ചെറുപ്പക്കാര്‍ക്കാണു വെന്റിലേറ്ററിലും മറ്റും മുന്‍ഗണന. മാസ്‌ക് അടക്കമുള്ള സാധനങ്ങള്‍ ദുര്‍ലഭമാണ്. കടകളില്‍ എത്തിയാല്‍ മിനിറ്റുകള്‍ക്കകം വിറ്റുതീരും. ഡെറ്റോള്‍ തുടങ്ങി അണുനാശിനികള്‍ പോലും കിട്ടാനില്ല. പച്ചക്കറികളും മറ്റും വാങ്ങാനായിപ്പോലും മലയാളികള്‍ മാര്‍ക്കറ്റിലേക്കു പോകാറില്ല. ഹോം ഡെലിവറിയായി വാങ്ങിയശേഷം അണുവിമുക്തമാക്കി ഉപയോഗിക്കുകയാണ്.

You must be logged in to post a comment Login