കൊറോണഭീതി ഒഴിയുന്നില്ല. മരണസംഖ്യ ഏറുമ്പോൾ ലോകരാജ്യങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന. ഇന്നലെ 38 പേര്‍ കൂടി മരണപ്പെട്ടതോടെ ചൈനയില്‍ മരണസംഖ്യ 170 ആയി ഉയര്‍ന്നു. വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് 7711 പേര്‍ക്കാണ്. ചൈന ഒഴികെ 18 രാജ്യങ്ങളില്‍ കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ടിബറ്റിലും കൊറോണ ബാധിച്ച് ഒരാള്‍ മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട് . വൈറസ് തുടക്കത്തിലുണ്ടായിരുന്നതിനേക്കാള്‍ അതിവേഗമാണ് ഇപ്പോൾ പടർന്നു കൊണ്ടിരിക്കുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരാനുള്ള വൈറസിന്‍റെ ശക്തി വര്‍ധിച്ചതായാണ് ഇപ്പോൾ ആരോഗ്യ വിദഗ്‍ധര്‍ നൽകുന്ന വിവരം. ചൈനയിലാണ് ഏറ്റവും ഗുരുതരമായ അവസ്ഥ നിലനിൽക്കുന്നത്. 24 മണിക്കൂറിനിടെ 38 പേരാണ് വൈറസ് ബാധ മൂലം മരിച്ചത് . 1700 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ 7711 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. ഹുബെയില്‍ മാത്രം 1032 പുതിയ കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്‍തത്. ഓരോ മണിക്കൂറിലും പുതിയ രോഗികളുണ്ടാകുന്ന സ്ഥിതിയാണ് ചൈനയില്‍ ഇപ്പോൾ നിലവിലുള്ളത്. വൈറസിന്‍റെ പ്രഭവകേന്ദ്രമായ വുഹാന്‍ ഉള്‍പ്പെടുന്ന ഹുബെയ് പ്രവിശ്യയിലാണ് 90 ശതമാനം മരണവും ഇപ്പോൾ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ചൈനയ്ക്ക് പുറമെ 18 രാജ്യങ്ങളില്‍ കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ലോകം അതീവ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലാത്ത രാജ്യങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നൽകിയിട്ടുണ്ട്. ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാൻ WHO ഇന്നു യോഗം ചേരും .
കൊറോണ വൈറസ് ബാധ സംശയിച്ച് കേരളത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവർ 806 പേരാണ്. ഇതില്‍ 796 പേര്‍ സ്വന്തം വീടുകളിലും 10 പേര്‍ ആശുപത്രിയിൽ ഐസുലേഷൻ വാർഡിലുമാണ് കഴിയുന്നത്.
ചൈനയിലുള്ള സ്വന്തം പൗരന്‍മാരെ അമേരിക്കയും ജപ്പാനും ചൈനയില്‍ നിന്ന് ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. വുഹാനില്‍ നിന്നാണ് അമേരിക്ക പൗരന്‍മാരെ ഒഴിപ്പിച്ചത്. 230 പേരെയാണ് പ്രത്യേക വിമാനത്തില്‍ അമേരിക്ക കാലിഫോര്‍ണിയയിൽ തിരികെയെത്തിച്ചത്. തിരികെയെത്തിച്ചവരെ പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വിധേയരാക്കിയ ശേഷം മാത്രമെ വൈറസ് ബാധയുണ്ടോയെന്ന് കണ്ടെത്താനാകൂ. അമേരിക്കയും ബ്രിട്ടനും ചൈനയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുമുണ്ട്.

You must be logged in to post a comment Login