വത്തിക്കാന്‍ : യേശു ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണകളുയര്‍ത്തി ലോകം മുഴുവൻ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു.പള്ളികളെല്ലാം ഈസ്റ്റര്‍ പ്രമാണിച്ച് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.കോവിഡ് മഹാമാരി ലോകം മുഴുവനും പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍, വിശ്വാസികളെ ഉള്‍പ്പെടുത്താതെ നാമമാത്രമായ ചടങ്ങുകള്‍ മാത്രം നടത്തിയാണ് ലോകം ഈസ്റ്റര്‍ കൊണ്ടാടുന്നത്.
ലോകത്തിനു മേല്‍ കോവിഡ്-19 മഹാമാരി പരത്തുന്ന അന്ധകാരത്തില്‍, ഈസ്റ്റര്‍ എന്ന പുണ്യദിനം പ്രത്യാശയുടെ സന്ദേശം നല്‍കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വെളിപ്പെടുത്തി.
വിശ്വാസികളോട് ഭയത്തിന് കീഴടങ്ങരുതെന്നും മരണത്തിന്റെ നാളുകളില്‍ വിശ്വാസികള്‍ പ്രത്യാശയുടെ സന്ദേശവാഹകരാവണമെന്നും മാര്‍പാപ്പ ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ പറഞ്ഞു.
പതിനായിരക്കണക്കിനു പേര്‍ തടിച്ചു കൂടുന്ന വത്തിക്കാനിലെ ചടങ്ങില്‍ ഇത്തവണ പങ്കെടുത്തത് കഷ്ടിച്ച് രണ്ട് ഡസനോളം ആള്‍ക്കാര്‍ മാത്രമായിരുന്നു.
അതേസമയം വിശ്വാസികളുടെ പങ്കാളിത്തമില്ലാതെയാണ് കേരളത്തിലെ ദേവാലയങ്ങളില്‍ ചടങ്ങുകള്‍ നടക്കുന്നത്. പല പള്ളികളിലും പാതിരാകുര്‍ബാന ഒഴിവാക്കിയിരുന്നു.
ലോകനന്മക്ക് വേണ്ടി കുരിശിലേറിയ യേശുദേവന്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കിയാണ് ക്രൈസ്തവ സമൂഹം ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും ചടങ്ങുകളും നടന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെയാണ് ദേവാലയങ്ങളില്‍ ചടങ്ങുകള്‍ നടന്നത്. അഞ്ച് പേരില്‍ കൂടുതല്‍ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് സഭാ നേതൃത്വങ്ങള്‍ വിശ്വാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ ചില പള്ളികളില്‍ മാത്രമാണ് പാതിരാ കുര്‍ബാന നടന്നത്. വിശ്വാസികള്‍ക്ക് ശുശ്രൂഷകള്‍ ഓണ്‍ലൈന്‍ വഴി വീക്ഷിക്കാനുള്ള സൗകര്യങ്ങൾ പല ദേവാലയങ്ങളും ഒരുക്കിയിട്ടുണ്ട്.

You must be logged in to post a comment Login