കോവിഡ് 19 വൈറസ് സൃഷ്ടിച്ചത് തങ്ങളല്ലെന്ന് ചൈന. കഴിഞ്ഞ ദിവസം കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചിരുന്നു. ട്രംപിന്റെ ഈ പ്രസ്താവനയ്ക്കെതിരെ രാജ്യാന്തര തലത്തിൽ തന്നെ വിവാദങ്ങൾ ഉയർന്നിരിക്കുയാണ്. കൊറോണ വൈറസിനെ ഫലപ്രദമായി ചെറുക്കാനുള്ള ചൈനയുടെ നീക്കങ്ങളെ ലോകാരോഗ്യ സംഘടന അടക്കം അഭിനന്ദിച്ചിരുന്നു. ഈ അവസരത്തിൽ ട്രംപിന്റെ ഈ പ്രസ്താവന ചൈനയെ അധിക്ഷേപിക്കുന്നതിനാണ് എന്നും ഇത് അംഗീകരിച്ചു കൊടുക്കാൻ ആവില്ലായെന്നുമാണ് ചൈനയുടെ നിലപാട്. ചൈന ഇത്തരമൊരു വൈറസിനെ മനഃപൂർവ്വം സൃഷ്ടിക്കുകയോ ബോധപൂർവ്വം വ്യാപിപ്പിക്കുകയോ ചെയ്തിട്ടില്ലായെന്നും ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് ജി റോങ് പറഞ്ഞു. ഇത് ചൈനയേയോ ചൈനയിലെ ജനങ്ങളെയോ അപമാനിക്കാനുള്ള സമയമല്ല. ലോകം മുഴുവൻ അത്യാപത്തിൽ നിൽക്കുന്ന ഈ സമയത്ത് എല്ലാവരും ഒറ്റക്കാട്ടായി നിന്ന് ഈ മഹാമാരിയെ നേരിടുകയാണ് വേണ്ടതെന്നും ജി റോങ് പറഞ്ഞു. വൈറസ് വ്യാപന സമയത്ത് ഇന്ത്യ നൽകിയ സഹായങ്ങൾക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. ഗ്ലൗസ്, മാസ്ക്, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങി 15 ടൺ അവശ്യ വസ്തുക്കൾ ഇന്ത്യ ചൈനയിൽ എത്തിച്ചിരുന്നു. കോറോണ വൈറസിനെപറ്റി പറയുമ്പോൾ അതിനെ ചൈനീസ് വൈറസ് എന്ന് പ്രതിപാദിക്കരുതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് മുദ്ര കുത്തുന്നത് ചൈനയ്ക്ക് അപമാനകരമാണെന്നും എന്നാൽ ഇന്ത്യ ഇത്തരത്തിൽ ഒരാരോപണം ഉന്നയിക്കില്ലായെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സൺ വെയിഡോങ് അറിയിച്ചു.
ഇന്ത്യ കോവിഡുമായി യുദ്ധം തുടങ്ങിയ ഈ സാഹചര്യത്തിൽ ചൈനയുടെ ഭാഗത്തുനിന്നും എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്നും ഇന്ത്യ ഈ പോരാട്ടത്തിൽ വിജയിക്കുമെന്നും ചൈന പറഞ്ഞു.

You must be logged in to post a comment Login