കൊറോണ പുണര്‍ന്നു തുടങ്ങിയതോടെ കൊല്ലും കൊലയും ദിനചര്യയാക്കിയിരുന്ന ഗുണ്ടാസംഘങ്ങള്‍ തോക്ക് താഴെ വെച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയിരിക്കുന്നു. ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ അടങ്ങിയ ലോകത്തെ ഏറ്റവും വലിയ മാഫിയാ യുദ്ധങ്ങള്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണിലെ അധോലോകത്ത് നിന്നുമാണ് ഈ വ്യത്യസ്ത സമീപനം.
പരസ്പരം കൊല്ലാന്‍ പോലും മടിച്ചിരുന്നില്ലാത്ത രണ്ട് അധോലോക സംഘാംഗങ്ങള്‍ ശത്രു ഭേദമെന്യെ നാട്ടുകാര്‍ക്ക് ഭക്ഷണവും വെള്ളവുമായി വീട്ടുപടിക്കലെത്തി. ഹാര്‍ഡ് ലിവിങ്സ് ഗാങ്ങും 28’സ് ഗാങ്ങും തമ്മിലുള്ള പോരാട്ടം അവിടെ നിരവധി പേരുടെ ജീവനെടുത്തു കഴിഞ്ഞിരുന്നു.
കൊവിഡ് 19 പടര്‍ന്നു പിടിച്ചതോടെ സര്‍ക്കാര്‍ നഗരത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. അധോലോകത്തെ നേര്‍വഴിക്ക് നയിക്കാന്‍ അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളായിരുന്നു പാസ്റ്റര്‍ ആന്‍ഡി സ്റ്റീല്‍ സ്മിത്ത്. ലോക്ക് ഡൗണ്‍ പുരോഗമിക്കെ സ്ഥലത്തെ പാസ്റ്റര്‍ സ്മിത്തിന് രണ്ടു ഗ്യാങ് ലീഡര്‍മാരില്‍ നിന്നും ഫോണ്‍ വന്നു. ഫോണ്‍ വന്നപ്പോള്‍ അങ്ങേത്തലയ്ക്കല്‍ വളരെ ദയനീയമായ സ്വരം, ‘ ആന്‍ഡി.. ഞങ്ങള്‍ ഇന്നുവരെ നിങ്ങളോട് എന്തെങ്കിലും വേണമെന്ന് പറഞ്ഞു വന്നിട്ടില്ല, പക്ഷേ, ഞങ്ങള്‍ ഇവിടെ പട്ടിണിയിലാണ്. ‘
തെരുവിലേക്ക് ഇറങ്ങിച്ചെല്ലാന്‍ തീരുമാനിച്ച പാസ്റ്റര്‍, ഭക്ഷണത്തിനു വേണ്ട ഫണ്ട് ശേഖരിച്ചു. ഭക്ഷണം ഉണ്ടാക്കി. വിതരണം ചെയ്യാന്‍ വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചപ്പോഴാണ്, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളില്‍ ഒന്ന് പാസ്റ്റര്‍ കണ്ടത്. പ്രദേശത്ത് തമ്മില്‍ ആഴ്ചയില്‍ രണ്ടു വട്ടമെങ്കിലും മല്ലുപിടിച്ചിരുന്ന, പരസ്പരം വെടിവെച്ചു കൊല്ലാന്‍ പോലും മടിയില്ലാതെ നടന്നിരുന്ന അധോലോകത്തിലെ ഷാര്‍പ്പ് ഷൂട്ടര്‍മാര്‍, ശത്രു മിത്ര ഭേദമില്ലാതെ നാട്ടിലെ ജനങ്ങള്‍ക്ക് ഭക്ഷണം അവരുടെ വീട്ടുപടിക്കലെത്തിക്കാന്‍ വേണ്ടി തങ്ങളുടെ ശത്രുതയ്ക്ക് വിശ്രമം നല്‍കി തല്ക്കാലം ഒന്നിച്ചിരിക്കുന്നു.
അന്നുവരെ പരസ്പരം പോരിന് നടന്നിരുന്ന, തങ്ങളെ പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നു അധോലോകത്തിന്റെ കയ്യാളുകള്‍ ഒരേ വാഹനത്തില്‍ വന്നിറങ്ങി തങ്ങളുടെ വിശപ്പടക്കാനുള്ള ഭക്ഷണം വിതരണം ചെയ്യുന്ന കാഴ്ച കണ്ടപ്പോള്‍ പ്രദേശവാസികളും അമ്പരപ്പോടെ മൂക്കത്ത് വിരല്‍ വെച്ച് നോക്കി നിന്നുപോയി.
എന്തായാലും, ഈ അപ്രഖ്യാപിത വെടിനിര്‍ത്തല്‍, പ്രാദേശിക ഗ്യാങ്ങുകള്‍ക്കിടയിലെ താത്കാലിക യുദ്ധവിരാമം, സൗഹൃദത്തിന്റേതായ ഈ സല്‍പ്രവൃത്തികള്‍ ഒക്കെ കേപ്പ് ടൗണ്‍ നിവാസികള്‍ക്ക് ഒരു പുതുമയാണ്. അസുഖത്തിന്റെ അല്ലലുകള്‍ അകന്നാലും, രണ്ടു ഗ്യാങ്ങിലെയും അംഗങ്ങള്‍ ഇതുപോലെ സമാധാനം നിലനിര്‍ത്തിയിരുന്നെങ്കില്‍ എന്ന പ്രതീക്ഷയിലാണ് അവരിപ്പോള്‍.
എന്നാല്‍ പരസ്പരം കൊല്ലുന്നത് പതിവാക്കിയ ക്രിമിനലുകളുടെ ഈ മനംമാറ്റം വിശ്വസിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറല്ല.

You must be logged in to post a comment Login