കൊറോണ വൈറസ് ഭീതിക്കിടെ ഇന്നലെ കേരളത്തില്‍ അങ്ങോളമിങ്ങോളം പെയ്ത വേനല്‍ മഴ തെല്ലൊന്നുമല്ല നമുക്ക് ആശ്വാസമേകിയത്. ഒപ്പം ആശങ്കയും….
മഴ പെയ്താല്‍ സ്വാഭാവികമായും ഇവിടെ കൊതുകു കൂടും. ഇനി കൊതുക് കൂടി പെരുകിയാല്‍ വൈറസ് വ്യാപനത്തിന്റെ കാര്യത്തില്‍ എന്താകും സംഭവിക്കുക.
കൊതുക് കടിച്ചാല്‍ കോവിഡ് ബാധിക്കുമോ എന്നതാണ് ഇന്നലെ മുതല്‍ മലയാളികളെ അലട്ടുന്ന ഒരു സുപ്രധാന സംശയം.
ആ സംശയത്തില്‍ തെറ്റുപറയാനാകില്ല. കാരണം കൊതുകുകള്‍ക്ക് ധാരാളം വൈറല്‍ രോഗങ്ങള്‍ പകര്‍ത്താനുള്ള കഴിവുണ്ട്. പക്ഷേ എല്ലാ വൈറസുകളെയും വഹിക്കാനോ പകര്‍ത്താനോ ഉള്ള കഴിവ് കൊതുകുകള്‍ക്കില്ല. എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ്, എബോള എന്നിവ തന്നെ പ്രധാന ഉദാഹരണങ്ങള്‍.
കോവിഡിന്റെ കാര്യത്തില്‍ ആ പേടി വേണ്ട. കോവിഡ് രോഗം കൊതുകിലൂടെ പകരുന്നതായി ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല.
അപ്പോള്‍ മറ്റൊരു സംശയം, ഇതൊരു പുതിയ വൈറസ് അല്ലേ, അത് കൊതുകിലൂടെ പകരില്ലെന്നത് വിശദമായ പഠനങ്ങള്‍ ഇല്ലാതെ എങ്ങനെ ഉറപ്പിച്ചു പറയാന്‍ കഴിയും എന്ന്. അതിനാല്‍ ഇനിയും വിശദമായ വര്‍ഷങ്ങള്‍ എടുക്കുന്ന പഠനങ്ങള്‍ വേണ്ടി വന്നേക്കും ഇക്കാര്യം നൂറുശതമാനത്തോളം ഉറപ്പിച്ച് പറയാന്‍.
എന്നിരുന്നാലും ഇന്നുവരെയുള്ള നമ്മുടെ അറിവ് വച്ച് ഏറെക്കുറെ ഉറപ്പിച്ചു തന്നെ ഇക്കാര്യം പറയാന്‍ കഴിയും. കാരണം ഇത് പ്രാഥമികമായി ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന ഒരു വൈറസാണ്. ശ്വാസകോശത്തെ ബാധിക്കുന്ന കൊറോണ കുടുംബത്തില്‍ പെട്ട മറ്റു വൈറസുകളും റെസ്പിറേറ്ററി സിന്‍സീഷല്‍ വൈറസ് പോലുള്ളവയും ഒന്നുംതന്നെ കൊതുകിലൂടെയോ രക്തദാനത്തിലൂടെയോ പകരുന്നവയല്ലെന്ന് നമുക്ക് കൃത്യമായ അറിവുണ്ട്. ആ അറിവിന്റെ വെളിച്ചത്തില്‍ കോവിഡിന്റെ കാര്യത്തിലും ഇക്കാര്യം ഉറപ്പിക്കാം.
എന്നാല്‍, കോവിഡ് പുതിയതാണ് എന്നതും നമ്മള്‍ മറക്കരുത്. ഡങ്കിപ്പനി, ചിക്കുന്‍ഗുനിയ പോലുള്ള രോഗങ്ങള്‍ ഇപ്പോഴും ഇവിടെത്തന്നെ പതുങ്ങിയിരിപ്പുണ്ട്. കൊതുക് പെരുകിയാല്‍ ആകെ തളര്‍ന്നിരിക്കുന്ന നമ്മുടെ ആരോഗ്യ മേഖലയെ പൂര്‍ണമായി തളര്‍ത്താന്‍ ഇവര്‍തന്നെ മതി. നിലവില്‍ ഒരു ഡങ്കിപ്പനി ഔട്ട് ബ്രേക്ക് കൂടി താങ്ങാന്‍ നമ്മുടെ ആരോഗ്യമേഖലയ്ക്ക് കെല്‍പ്പില്ല.
ഇത് മുന്നില്‍ കണ്ട് നമുക്ക് ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ഡങ്കിപ്പനിയൊക്കെ പരത്തുന്ന ഈഡിസ് കൊതുകിന് വളരാന്‍ ഒരു ടീസ്പൂണ്‍ വെള്ളംതന്നെ ധാരാളമാണ്. അതുകൊണ്ട് നമ്മുടെ ചുറ്റുപാടുമുള്ള കൊതുകിന്റെ പ്രജനനം സാധ്യമാക്കുന്ന എല്ലാ ഉറവിടങ്ങളും ഇപ്പൊഴേ ഇല്ലാതാക്കണം.
പൊട്ടിയ പാത്രങ്ങള്‍, ടയറുകള്‍, ചിരട്ടകള്‍, പൂച്ചട്ടിയുടെ അടിയില്‍, ഫ്രിജിന്റെ അടിയിലെ ട്രേ ഇങ്ങനെ വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുളള എന്തൊക്കെയുണ്ടോ അതിനെയൊക്കെ ഇപ്പൊഴേ നശിപ്പിക്കണം. ഒപ്പം കൊതുക് കടി കൊള്ളാതിരിക്കാനുള്ള വ്യക്തിഗതമായ രക്ഷാമാര്‍ഗങ്ങളും തേടണം.
അതിഭീകരന്മാരായ കൊതുകുകളെ നമ്മള്‍ പേടിക്കണം. അത് കൊറോണ പരത്തുമോ എന്ന്‌പേടിച്ചതല്ല. ഡങ്കിപ്പനി, ചിക്കുന്‍ഗുനിയ പോലുള്ള രോഗങ്ങള്‍ ഇപ്പോഴും ഇവിടെത്തന്നെ പതുങ്ങിയിരിപ്പുണ്ട് എന്നതോര്‍ത്ത്….

You must be logged in to post a comment Login