രക്തസമ്മർദ്ദം അഥവാ ബ്ലഡ്പ്രഷർ
രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയിൽ ലംബമായി ചെലുത്തുന്ന മർദ്ദമാണ് രക്തസമ്മർദ്ദം അഥവാ ബ്ലഡ്പ്രഷർ(Blood Pressure). ഇത് രക്തത്തിന്റെ സുഗമമായ പ്രവാഹം ഉറപ്പുവരുത്തുന്നു. ഹൃദയത്തിന്റെ ഇടത്തേ വെൻട്രിക്കിൾ അറ സങ്കോചിച്ച് രക്തത്തെ ധമനിയിലേയ്ക്ക് തള്ളിവിടുമ്പോഴുണ്ടാകുന്ന രക്തസമ്മർദ്ദത്തെ സിസ്റ്റോളിക് രക്തസമ്മർദ്ദം എന്നും ഹൃദയം വികസിച്ച് രക്തം നിറയുമ്പോൾ ഉണ്ടാകുന്ന ധമനീമർദ്ദത്തെ ഡയസ്റ്റോളിക് മർദ്ദം എന്നും വിളിക്കുന്നു. രക്തസമ്മർദ്ദം പൊതുവേ സ്ഫിഗ്മോമാനോമീറ്റർ എന്ന ഉപകരണത്തിന്റെ സഹായത്താലാണ് അളക്കുന്നത്. ആരോഗ്യവാനായ ഒരാളിൽ രക്തസമ്മർദ്ദം 120/70 മി.മീറ്റർ മെർക്കുറി എന്ന് സൂചിപ്പിക്കുന്നു. ഇതിൽ 120 മി.മീറ്റർ മെർക്കുറി എന്നത് സിസ്റ്റോളിക് രക്തസമ്മർദ്ദത്തേയും 70 മി.മീറ്റർ മെർക്കുറി എന്നത് ഡയസ്റ്റോളിക് രക്തസമ്മർദ്ദത്തേയും സൂചിപ്പിക്കുന്നു. കുട്ടികളിൽ രക്തസമ്മർദ്ദം 80 / 60 മി.മീറ്റർ മെർക്കുറി ആയിരിക്കുമ്പോൾ പ്രായപൂർത്തിയായവരിൽ ഇത് 130/ 85 മി.മീറ്ററാണ്. [1]പ്രായം കൂടുന്നതിനനുസരിച്ച് സിസ്റ്റോളിക് മർദ്ദം ഉയർന്ന് 140 മി.മീ. മെർക്കുറി വരെയാകാം. രക്തസമ്മർദ്ദം 140/ 90 നുമുകളിലായാൽ അത് ഉയർന്ന രക്തസമ്മർദ്ദം അഥവാ രക്താതിമർദ്ദം അഥവാ ഹൈപ്പർടെൻഷൻ എന്നറിയപ്പെടുന്നു. സിസ്റ്റോളിക് മർദ്ദവും ഡയസ്റ്റോളിക് മർദ്ദവും ഉയർന്നിരിക്കുന്ന അവസ്ഥയും സിസ്റ്റോളിക് മർദ്ദം മാത്രം ഉയർന്നിരിക്കുന്ന അവസ്ഥയും അമിതരക്തസമ്മർദ്ദമായി പരിഗണിക്കപ്പെടുന്നു. മദ്യം, മാനസിക സമ്മർദ്ദം, പുകവലി, പ്രായക്കൂടുതൽ എന്നിവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു.
ശരീരത്തിലെ സിങ്കിന്റെ അളവിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിൽ മൂലവും രക്തസമ്മർദ്ദം ഉണ്ടാകാം. സിങ്കിന്റെ അളവ് കുറയുമ്പോൾ ശരീരത്തിലെ സോഡിയത്തെ മൂത്രത്തിലൂടെ പുറന്തള്ളുന്നതിന്റെ അളവ് കുറയുന്നു. ഇത് ബിപിക്ക് കാരണമാകാം എന്ന് പഠനങ്ങൾ പറയുന്നു.
ഇനി രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന കുറച്ച് നാട്ടുമരുന്നുകൾ നോക്കാം
കർപ്പൂരവല്ലിച്ചെടി
നമ്മുടെ വീട്ടുമുറ്റത്ത് ഒക്കെ ധാരളമുള്ള കർപ്പൂരവല്ലിച്ചെടി അഥവാ പനിക്കൂർക്ക രക്തസമ്മർദ്ദത്തിന് ഒരു നല്ല മരുന്നാണ്. ഹൃദയമിടിപ്പ് ക്രമീകരിച്ച് പൾസ് നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു
നെല്ലിക്ക
നെല്ലിക്കയിൽ അടങ്ങയിരിക്കുന്ന വിറ്റാമിൻ സി രക്തക്കുഴലുകളെ വിപുലപ്പെടുത്തി രക്തയോട്ടം യഥാക്രമം ആകുന്നതിന് സഹായിക്കുന്നു. നെല്ലിക്ക ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
മുള്ളങ്കി
പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്ന മുള്ളങ്കി ഉപ്പിന്റെ അമിത ഉപയോഗംമൂലം ഉണ്ടാകുന്ന രക്ത സമ്മർദ്ദത്തിന് നല്ലൊരു ഔഷധമാണ്.
ഏലക്ക
ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്ന ഏലക്ക പാർശ്വഫലങ്ങളില്ലാതെ രക്തസമ്മർദ്ദത്തെ വരുതിയിലാക്കാൻ സഹായിക്കുന്നു.
ഇതോടൊപ്പം തന്നെ മദ്യവും പുകവലിയും പാടെ ഉപേക്ഷിക്കുകയും വേണം.
സ്ഥിരമായുള്ള മനസംഘർഷവും രക്തസമ്മർദ്ദം ഉണ്ടാക്കുന്നു അതുകൊണ്ട് വിശ്രമവും ഉല്ലാസവേളകളും കൂടെ ജീവിതത്തിൽ ഉൾപ്പെടുത്തുക.

You must be logged in to post a comment Login