കൊറോണ വൈറസ് ഇന്ത്യ അടക്കമുള്ള അനേകം രാജ്യങ്ങളിൽ ഗുരുതരമായ പ്രശ്നമായിത്തീർന്നിരിക്കുകയാണ്. വൈറസ് വ്യാപനത്തെ തടയുന്നതിനുള്ള വഴികൾ കണ്ടെത്താൻ എല്ലാ രാജ്യങ്ങളിലെയും സർക്കാരുകളും ആരോഗ്യമേഖലയും കഠിനമായി പ്രയത്നിക്കുകയും ചെയ്യുന്നുണ്ട്. വൈറസ് ബാധിച്ച ആളുകളെ ട്രാക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടാണ് വൈറസിനെ തടയുന്നതിന് വലിയ വെല്ലുവിളിയാകുന്നത്.
കൊറോണയെ ചെറുക്കാനുള്ള രാജ്യങ്ങളുടെ പരിശ്രമങ്ങളിൽ പങ്കാളിയാവുകയാണ് ടെക്നോളജി ഭീമന്മാരായ ഗൂഗിളും ആപ്പിളും. കോവിഡ്-19 വ്യാപനം തടയുന്നതിനായി ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുന്നതിന് ഇരു കമ്പനികളും ചേർന്ന് പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഇരു കമ്പനികളും ഇത്തരമൊരു ആവശ്യത്തിനായി ചേർന്ന് പ്രവർത്തിക്കാൻ ഒരുങ്ങുന്നത്.
കൊറോണ വൈറസിന്റെ വ്യാപനം കുറയ്ക്കാൻ സർക്കാരുകളെ സഹായിക്കുന്നതിനായി കമ്പനികൾ ചേർന്ന് ബ്ലൂടൂത്ത് അധിഷ്ഠിത സാങ്കേതികവിദ്യ വികസിപ്പിക്കും. മിക്ക കേസുകളിലും വൈറസ് രോഗബാധിതരായ ആളുകളുമായി നേരിട്ട് ബന്ധപ്പെടുന്നവരിലേക്കും അടുപ്പമുള്ളവരിലേക്കും പടരുന്നു. അത്തരം സാഹചര്യത്തിൽ, പുതിയ പോസിറ്റീവ് കേസുകൾ കണ്ടെത്താൻ ഉപയോഗിക്കുന്ന മാർഗമാണ് കോൺടാക്റ്റ് ട്രെയ്‌സിംഗ്.

You must be logged in to post a comment Login