എയർഇന്ത്യ അടച്ചുപൂട്ടൽ ഭീഷണിയിൽ
ന്യൂഡൽഹി : എയർ ഇന്ത്യ കനത്ത സാമ്പത്തിക നഷ്ടത്തിൽ. നഷ്ടത്തിൽ പറക്കുന്ന എയർ ഇന്ത്യയുടെ 100 % ഓഹരികളും വിൽക്കുവാൻ പോകുകയാണെന്ന് കേന്ദ്രം അറിയിച്ചു. 2018 ൽ എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വിൽക്കാൻ ശ്രമിച്ചിരുന്നെങ്കിലും ആരും വാങ്ങുവാൻ തയ്യാറാകാത്തതിനാൽ അന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ കമ്പനി വളരെ നഷ്ടത്തിലായതിനാൽ എയർ ഇന്ത്യയുടെ നൂറു ശതമാനം ഓഹരിയും വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ് കേന്ദ്രം. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ഇൻഡിഗോയും, അബുദാബിയിൽ പ്രവർത്തിക്കുന്ന ഇത്തിഹാദും എയർ ഇന്ത്യ വാങ്ങുവാൻ ശ്രമിച്ചിരുന്നു എന്നാൽ കേന്ദ്ര സർക്കാരുമായുള്ള ചർച്ച പരാജയപ്പെടുകയും വിൽപന നടക്കാതെ വരികയുമാണ് ചെയ്തത്. പ്രതിദിനം ഇരുപത്തിയാറു കോടി രൂപ നഷ്ടത്തിലാണ് എയർ ഇന്ത്യ ഇപ്പോൾ പ്രവർത്തിക്കുന്നത്. കമ്പനിയുടെ ആകെ കടബാദ്ധ്യത 23000 കോടി രൂപയാണ്. നൂറു ശതമാനം ഓഹരികളും വാങ്ങുന്നവർ കമ്പനിയുടെ ഈ ഭീമമായ കടബാദ്ധ്യതകൾ കൂടി പൂർണമായും ഏറ്റെടുക്കേണ്ടതായി വരും. ഓഹരി വിൽക്കുന്നതിനുള്ള താത്പര്യ പത്രം ക്ഷണിച്ചിട്ടുണ്ട് എന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. അവസാന തീയതി 2020 മാർച്ച് 17 വരെയാണ്.വിദേശ കമ്പനികളാണ് വാങ്ങുന്നത് എങ്കിൽ അവർക്ക് ഇന്ത്യൻ കമ്പനികളുമായുള്ള പാര്‍ട്ണര്‍ഷിപ്പിലേ വിൽപന സാധ്യമാകൂ. ആരും വാങ്ങുവാൻ തയ്യാറായില്ലായെങ്കിൽ കമ്പനി അടച്ചു പൂട്ടേണ്ടതായി വരുമെന്നാണ് കേന്ദ്രം പറയുന്നത്.

You must be logged in to post a comment Login