കോഴിക്കോട് : കോഴിക്കോട് മുക്കത്തു നിന്നും ചാലിയത്തു നിന്നും മനുഷ്യശരീരഭാഗങ്ങൾ കണ്ടെത്തിയ കേസിൽ രണ്ടര വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിലായി. കോഴിക്കോട് മുക്കം സ്വദേശിയായ ബുർജുവാണ് പോലീസ് പിടിയിലായത്. മലപ്പുറം സ്വദേശി ഇസ്മയിലിൻ്റേതാണ് ശരീര ഭാഗങ്ങൾ എന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. ക്രൈബ്രാഞ്ച് രണ്ടര വർഷമായി കേസ് അന്വേഷിച്ചു വരികയായിരുന്നു. 2017 ജൂൺ ജൂലൈ മാസങ്ങളിൽ ഒരു മനുഷ്യന്റെ രണ്ടു കൈകളും തലയോട്ടിയും ചാലിയം കടൽപ്പുറത്തു നിന്നും പോലീസിന് ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ മുക്കത്തു നിന്നും ചാക്കിൽ കെട്ടിയ നിലയിൽ ബാക്കി ശരീര ഭാഗങ്ങളും ലഭിച്ചിരുന്നു. പോലീസ് അന്വേഷണം അരംഭിച്ചെങ്കിലും തുമ്പ് ഒന്നും കിട്ടാതെ വരികയും ശേഷം കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ചാലിയം കടപ്പുറത്തു നിന്നും ഇടതുകൈയുടെ ഭാഗം ആദ്യം കിട്ടുകയും മൂന്നു ദിവസത്തിന് ശേഷം വലംകൈയുടെ ഭാഗങ്ങൾ ലഭിക്കുകയും ചെയ്തു. അന്വേഷണം നടക്കുന്നതിന് ഇടയിൽ മുക്കം എസ്റ്റേറ്റിൽ നിന്ന് കൈയും കാലും തലയും അറ്റ നിലയിൽ ഒരു മൃതദേഹം കണ്ടെത്തി. ഒരാഴ്ചത്തെ അന്വേഷണത്തിനൊടുവിൽ ചാലിയം തീരത്തു നിന്നു തന്നെ തലയോട്ടിയും ലഭിച്ചു.പരിശോധനയിൽ എല്ലാ ശരീര ഭാഗങ്ങളും ഒരാളുടേത് തന്നെയാണ് എന്ന് കണ്ടെത്തി.
രണ്ടര വർഷത്തെ അന്വേഷണത്തിന് ഒടുവിലാണ് ക്രൈംബ്രാഞ്ച് ബുർജുവിനെ വലയിലാക്കിയത്. നാലുകേസുകളിൽ പ്രതിയായിരുന്ന ആളാണ് മരിച്ച ഇസ്മയിൽ. ഫിംഗർ പ്രിന്റുകൾ വഴി കൊല്ലപ്പെട്ടത് ഇസ്മയിലാണെന്ന് പോലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. പോലീസ് രേഖകളിൽ നിന്നും കിട്ടയ മേൽ വിലാസത്തിൽ പോലീസ് അന്വേഷണം നടത്തിയപ്പോൾ ഇസ്മയിലിന് മൂന്നു ഭാര്യമാരും ഉമ്മയും ഉണ്ടെന്ന് കണ്ടെത്തി. ഉമ്മയുടെ ഡി.എൻ.എ പരിശോധനയിലൂടെ ഇസ്മിൽ തന്നെയാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.
സ്വത്തു സ്വന്തമാക്കുന്നതിനായി ബുർജുവിന്റെ അമ്മയെ കൊലപ്പെടുത്തുന്നതിന് ബുർജുവിനെ സഹായിച്ചത് ഇസ്മയിലാണ്. ഇവർ ബുർജുവിന്റെ അമ്മയെ കഴുത്ത് ഞെരുക്കി കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചതാണ് എന്നു വരുത്തി തീർക്കുകയായിരുന്നു. പക്ഷേ കൊലപാതകത്തിന് ശേഷം ഇസ്മയിൽ നിരന്തരമായി ബുർജുവിനോട് പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇതാണ് ഇസ്മയിലിനെ കൊലചെയ്യുന്നതിലേയ്ക്ക് എത്തിച്ചത് എന്ന് ബുർജു പോലീസിനോട് പറഞ്ഞു. വേട്ടയാടുന്ന ശീലമുണ്ടായിരുന്ന ബുർജു വേട്ട മൃഗങ്ങളെ കൊലപ്പെടുത്തിയതിനുശേഷം ശരീര ഭാഗങ്ങൾ മുറിക്കുന്ന രീതി തന്നെയാണ് ഇവിടെയും പ്രയോജനപ്പെടുത്തിയത്. ഇസ്മയിലിന്റെ സുഹൃത്തുക്കളിലേയ്ക്ക് വ്യാപിപ്പിച്ച അന്വേഷണമാണ് കേസിന് വഴിത്തിരിവായത്. ഒരു തുമ്പും ലഭിക്കാതെ വന്ന സാഹചര്യത്തിൽ കൊല്ലപ്പെട്ടയാളോട് സാമ്യമുള്ള രേഖാചിത്രം തയ്യാറാക്കി പോലീസ് അന്വേഷണം തുടർന്നു വരികയായിരുന്നു.

You must be logged in to post a comment Login