തൃശ്ശൂരിലെ രാമവര്‍മ്മപുരത്തുള്ള സര്‍ക്കാര്‍ വൃദ്ധമന്ദിരം ഒരു ചരിത്രം കുറിക്കുകയാണ്. വൃദ്ധസദനത്തിലെ അന്തേവാസികളായ 66 വയസുകാരിയായ ലക്ഷ്മിയും 67 വയസ്സ് പ്രായമുള്ള കൊച്ചനിയനും വിവാഹിതരാകുകയാണ് . കേരളത്തില്‍ ആദ്യമായാണ് ഒരു വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ തമ്മില്‍ വിവാഹിതരാകുന്നത്.
അമ്പതു വർഷത്തോളമായി ഇരുവർക്കും പരസ്പരം അറിയാമെങ്കിലും തങ്ങള്‍ വിവാഹിതരാകുമെന്നു കൊച്ചനിയനും ലക്ഷ്മി അമ്മാളും ഒരിക്കലും കരുതിയിരുന്നില്ല . വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോയ ഇവര്‍, 20 വര്‍ഷത്തോളം നീണ്ട പ്രണയം തുറന്നു പറഞ്ഞു തൃശൂര്‍ സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ വച്ച് വിവാഹിതരാവുകയാണ്.67 വയസ്സ് പ്രായമുള്ള കൊച്ചനിയന്‍, 66 വയസുകാരിയായ ലക്ഷ്മി അമ്മാളിനെ ഡിസംബര്‍ 28 നു താലി ചാര്‍ത്തും.
ലക്ഷ്മി അമ്മാളുടെ ഭര്‍ത്താവായ കൃഷ്ണ അയ്യര്‍ എന്ന സ്വാമിയുടെ പാചകജോലിയില്‍ കൈ സഹായി ആയിരുന്നു കൊച്ചനിയന്‍. ഭര്‍ത്താവിന്റെ മരണ ശേഷം ഒറ്റപ്പെട്ടു പോയ അമ്മാളിനെ സംരക്ഷിച്ചു പോന്നത് കൊച്ചനിയനായിരുന്നു.
ലക്ഷ്മി അമ്മാളിന്റെ വാക്കുകൾ
” ഞങ്ങള്‍ക്ക് വര്‍ഷങ്ങളായി പരസ്പരം അറിയാമായിരുന്നു. കൊച്ചനിയനും വാര്‍ഡ് കൗണ്‍സിലറും ചേര്‍ന്നാണ് എന്നെ ഈ വൃദ്ധമന്ദിരത്തില്‍ സുരക്ഷിതമായി എത്തിച്ചത്. രണ്ടു വര്‍ഷത്തിലേറെയായി ഞാന്‍ ഇവിടെയാണ് താമസം. കൊച്ചനിയന്‍ എന്നെ കാണാന്‍ ഇടക്കിടെ വരുമായിരുന്നു. മടങ്ങി പോകുമ്പോള്‍ എപ്പോഴും അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയാറുണ്ടായിരുന്നു, ”
തൃശൂര്‍ വൃദ്ധസദനത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന കൊച്ചനിയന്‍ ഇവിടത്തെ അന്തേവാസിയായി മാറിയതും യാദൃശ്ചികമായായിട്ടാണ് . ഗുരുവായൂര്‍ അമ്പലത്തില്‍ തൊഴുതു മടങ്ങുമ്പോള്‍ കുഴഞ്ഞു വീണ കൊച്ചനിയനെ കുറച്ചു സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ വയനാട്ടിലെ ഒരു വൃദ്ധ മന്ദിരത്തില്‍ എത്തിക്കുകയായിരുന്നു. ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്ന കൊച്ചനിയന്‍ ഏറെക്കാലം ഇവിടെ ചികിത്സയിലായിരുന്നു. തുടർന്ന് കൊച്ചനിയന്റെ നിരന്തരമായുള്ള ആവശ്യ പ്രകാരം ലക്ഷ്മി അമ്മാള്‍ താമസിക്കുന്ന ത്രിശൂരിലെ വൃദ്ധസദനത്തിലേക്ക് അദ്ദേഹത്തെ മാറ്റുകയായിരുന്നു.
‘സൂപ്രണ്ട് സര്‍ ഞങ്ങളോട് കല്യാണം കഴിക്കാന്‍ പറഞ്ഞപ്പോള്‍ ആദ്യം ഞങ്ങള്‍ വിചാരിച്ചതു ഞങ്ങളെ കളിയാക്കി പറഞ്ഞതാണ് എന്നാണ്. പിന്നെ സ്ഥാപനം അങ്ങനെ ഒരു തീരുമാനം എടുത്തെന്നു അറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. എല്ലാം ഞങ്ങളുടെ ഭാഗ്യമാണ്. മന്ത്രിമാരെല്ലാം പങ്കെടുക്കുന്ന ഒരു വലിയ ചടങ്ങില്‍ വച്ചാണ് ഈ പ്രായത്തില്‍ ഞങ്ങള്‍ വിവാഹിതരാകുന്നത്,’ ലക്ഷ്മി അമ്മാൾ പറയുന്നു.
രോഗിയായ കൊച്ചനിയനെ വിവാഹം കഴിയുന്നതോടെ പരിചരിക്കാന്‍ കഴിയുമെന്ന സന്തോഷത്തിലാണ് ലക്ഷ്മി അമ്മാള്‍.
‘ രണ്ടുപേര്‍ക്കും വയ്യ. ആള്‍ക്ക് കൈക്കു വയ്യ. ഇടതു കൈകൊണ്ടാണ് ഭക്ഷണം കഴിക്കുന്നത്. ഇപ്പോഴും മരുന്ന് കഴിക്കുന്നുണ്ട്. കല്യാണം കഴിഞ്ഞാല്‍ രണ്ടാൾക്കും ഒരു അന്തികൂട്ടാവില്ലേ. അതാ ഒരു സമാധാനം,’ അമ്മാള്‍ ഒരു നെടുവീർപ്പോടെ പറഞ്ഞു നിര്‍ത്തി.
മറ്റെല്ലാവരെയും പോലെ തന്നെ വിവാഹം കഴിഞ്ഞു ഇവര്‍ക്കും ചില പദ്ധതികള്‍ ഒക്കെ ഉണ്ട്. ഒരു കൊച്ചു തീര്‍ത്ഥാടനം നടത്താനാണ് ഇവരുടെ ആഗ്രഹം. കൊച്ചനിയന്റെ അസുഖം മാറാന്‍ കൂടല്‍ മാണിക്യം അമ്പലത്തില്‍ നേര്‍ന്ന വഴിപാട് ചെയ്യാനാണ് അമ്മാളിന്റെ തീരുമാനം.
‘ആള്‍ക്ക് സുഖമായാല്‍ കൂടല്‍മാണിക്യം അമ്പലത്തില്‍ ഒരുമിച്ചു പോയി ഭഗവാന് ഒരു താമരമാല സമര്‍പ്പിക്കണം,’ ലക്ഷ്മി അമ്മാള്‍ തന്റെ ആഗ്രഹം പറഞ്ഞു.
ഇരുവരും തമ്മിലുള്ള ഏറെക്കാലത്തെ പ്രണയം മനസിലാക്കിയ വൃന്ദമന്ദിരത്തിലെ സൂപ്രണ്ട് വി ജി ജയകുമാറും കോര്‍പറേഷന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ഡാനിയേലും ചേര്‍ന്നാണ് വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്.
‘ സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാനും പ്രത്യേകം മുറി നല്‍കാനും തീരുമാനിച്ചിരുന്നു. തുടർന്ന്
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ വിവാഹം നടത്താന്‍ തീരുമാനിച്ചത്, ‘ സൂപ്രണ്ട് വി.ജി. ജയകുമാര്‍ വ്യക്തമാക്കി.
ഇവര്‍ക്കായി താലിമാലയും വിവാഹവസ്ത്രങ്ങളും വാങ്ങി മന്ദിരത്തിലെ മറ്റു അന്തേവാസികളും കല്യാണത്തിനായി കാത്തിരിക്കുകയാണ്. ഡിസംബര്‍ 28 ന് നടക്കുന്ന വിവാഹത്തില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍,ജില്ലാ വകുപ്പ് മേധാവികള്‍, എംപി. ടി.എന്‍ പ്രതാപന്‍, പൗരപ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും.

You must be logged in to post a comment Login