പൗരത്വഭേദഗതി നിയമം ഇന്ന് സുപ്രീംകോടതിയിൽ . . .!

0
437

പൗരത്വനിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കോൺഗ്രസ് നേതാവ് ജയറാം രമേശ്, മുസ്ലീം ലീഗ്, ബിജെപി സഖ്യകക്ഷിയായ അസം ഗണ പരീഷദ് തുടങ്ങിയവരുടെ ഉൾപ്പെടെ അറുപതോളം ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നിലെത്തിയിട്ടുള്ളത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

2014 ഡിസംബര്‍ 31 ന്  മുൻപ് പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ മുസ്ലീം ഇതര ആറ് മതവിഭാഗങ്ങൾക്ക് പൗരത്വം നല്‍കുന്നതാണ് പുതിയ നിയമം. പാര്‍ലമെൻ്റിൻ്റെ ഇരുസഭകളും ബിൽ പാസാക്കിയതിന് പിന്നാലെ രാഷ്ട്രപതിയും ഒപ്പുവെച്ചതോടെയാണ് നിയമം പ്രാബല്യത്തിൽ വന്നത്. അതേസമയം പൗരത്വ നിയമഭേദഗതിക്കെതിരായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആരംഭിച്ച പ്രതിഷേധം രാജ്യം മുഴുവൻ വ്യാപിച്ചു. നിയമം മുസ്ലീം ജനതക്ക്  വിരുദ്ധമാണെന്നും രാജ്യത്തിൻ്റെ മതേതര കാഴ്ച്പ്പാടിനെ തകര്‍ക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ നിയമം തങ്ങളുടെ സാംസ്കാരിക തനിമ നഷ്ടപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രതിഷേധം ശക്തമാകുന്നത് .