ന്യൂഡല്‍ഹി: കൊറോണ വൈറസ് പകരുന്നത് തടയാനായി വൈറസിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ രാത്രി 9 വരെ രാജ്യത്തെ ജനങ്ങള്‍ വീടിന് പുറത്തിറങ്ങാതെ വീടിനുള്ളില്‍ തന്നെ തുടരും. കടകമ്പോളങ്ങള്‍ അടക്കം എല്ലാ സ്വകാര്യ- സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. മുഖ്യമന്ത്രി പിണറായി വിജയനും ജനതാ കര്‍ഫ്യൂവിന് പൂര്‍ണ്ണ പിന്തുണ അര്‍പ്പിച്ചിട്ടുണ്ട്.
രാജ്യത്ത് കര്‍ഫ്യൂ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് എല്ലാവരും മഹാമാരിക്കെതിരായുള്ള പോരാട്ടത്തിന്റെ ഭാഗമാകണമെന്ന് പ്രധാനമന്ത്രി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ‘ നമുക്കെല്ലാവര്‍ക്കും കോവിഡ് 19ന് എതിരായ പോരാട്ടത്തിന് വളരെയധികം കരുത്ത് പകരുന്ന ഈ കര്‍ഫ്യൂവിന്റെ ഭാഗമാകാം. ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ വരും ദിവസങ്ങളില്‍ ഗുണകരമാകും. വീടിനുള്ളില്‍ ഇരിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂ’ എന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ജനങ്ങളെ നിയന്ത്രിക്കാന്‍ എളുപ്പമുള്ള ദിവസമായതിനാലാണ് കര്‍ഫ്യൂവിനായി ഞായറാഴ്ച തിരഞ്ഞെടുത്തത്. പൊതുസ്ഥലങ്ങളിലെ ആള്‍ക്കൂട്ടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ജനങ്ങളെ വീട്ടിലിരുത്താനുള്ള പരിശീലനമാണിതിലൂടെ നല്‍കുന്നത്. കൊറോണയെ പ്രതിരോധിക്കാന്‍ ഇത് മികച്ച മാര്‍ഗമാണെന്ന് വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിലെ നടപടികളിലൂടെ ബോധ്യമായതാണ്. രോഗികള്‍ വര്‍ധിച്ചാല്‍ രാജ്യത്ത് ദിവസങ്ങള്‍ നീളുന്ന കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നതിനാലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നേരത്തെ തന്നെ 14 മണിക്കൂര്‍ ജനതാ കര്‍ഫ്യൂ നടപ്പാക്കുന്നത്. ജനത്തിനായി ജനം തന്നെ നടപ്പാക്കുന്ന കര്‍ഫ്യൂ എന്ന അടിസ്ഥാനത്തിലാണ് ജനതാ കര്‍ഫ്യൂ എന്ന് പേരില്‍ ആചരിക്കുന്നത്.

You must be logged in to post a comment Login