കോവിഡ് വൈറസ് ലോകമാകെ പടർന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ചൈനയിലെ മൃഗങ്ങളുടെ മാംസം വില്‍ക്കുന്ന വെറ്റ് മാർക്കറ്റുകൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. ചൈനയിലെ മാർക്കറ്റുകൾക്കെതിരെ യുഎന്നും ലോകാരോഗ്യ സംഘടനയും(ഡബ്ല്യുഎച്ച്ഒ) നടപടി സ്വീകരിക്കണമെന്ന് മോറിസണ്‍ ആവശ്യപ്പെട്ടു. ചൈനയിലെ ഇത്തരം മാർക്കറ്റുകളിൽ നിന്നാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നാണ് കരുതുന്നത്. ഇവ വലിയ ‘റിസ്ക്’ ആണ് ഉണ്ടാക്കുന്നതെന്നും ലോകത്തിന്റെ മൊത്തം ക്ഷേമം പരിഗണിച്ചു എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും ഓസ്‍ട്രേലിയൻ പ്രധാനമന്ത്രി പ്രതികരിച്ചു.
കൊറോണ വൈറസ് മനുഷ്യരിലേക്കു പടർന്നത് മധ്യചൈനയിലെ വുഹാൻ നഗരത്തിലുള്ള വെറ്റ് മാർക്കറ്റിൽ നിന്നാണെന്നാണ് കരുതുന്നത്. കഴിഞ്ഞ ഡിസംബറിൽ പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ലോകമാകെ അതിവേഗം വ്യാപിക്കുകയായിരുന്നു. വെറ്റ് മാർക്കറ്റുകൾ നിലനിൽക്കുന്ന ഇടങ്ങളിലെല്ലാം അവ ശരിക്കും ഒരു ഭീകരമായ പ്രശ്നം തന്നെയാണ്. ചൈനയിൽ തുടങ്ങി ഈ വൈറസ് ഇന്ന് ലോകമാകെ വ്യാപിച്ചു. അങ്ങനെയാണ് കാര്യങ്ങളുടെ തുടക്കം. – മോറിസണ്‍ പറഞ്ഞു.
ലോകത്തിന്റെയാകെ ആരോഗ്യം പരിഗണിക്കുമ്പോൾ ഡബ്ല്യുഎച്ച്ഒ ഇക്കാര്യത്തിൽ വേഗം തന്നെ എന്തെങ്കിലും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തിനു തന്നെ വെല്ലുവിളിയാണ് ഈ വെറ്റ് മാർക്കറ്റുകൾ എന്ന് മറ്റൊരു വേദിയിലും മോറിസൺ ആവര്‍ത്തിച്ചു. മീൻ, കടൽ വിഭവങ്ങൾ , മൃഗങ്ങളുടെയും പക്ഷികളുടെയും മാംസം എന്നിവ വിൽക്കുന്ന ചൈനയിലെ ചന്തകളാണ് ‘വെറ്റ് മാര്‍ക്കറ്റുകൾ’. എപ്പോഴും ഈർപ്പത്തോടെയും നനഞ്ഞും കിടക്കുന്ന സ്ഥലങ്ങളായതിനാലാണ് വെറ്റ് മാർക്കറ്റുകൾക്ക് അങ്ങനെ ഒരു പേരുവന്നതെന്നാണു പറയപ്പെടുന്നത്.
കോവിഡ് ഭീഷണിയിൽനിന്ന് കരകയറുന്ന ചൈനയിൽ ഇപ്പോൾ ജനജീവിതം സാധാരണ രീതിയിലേക്കു മാറുകയാണ്. വൈറസ് വ്യാപനം ആരംഭിച്ച വുഹാനിൽനിന്ന് ഏപ്രിൽ എട്ട് മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നാണ് ചൈന അറിയിച്ചിട്ടുള്ളത്. ഹ്യൂബെ പ്രവിശ്യയിൽ ലോക്ഡൗൺ നിയന്ത്രണങ്ങളും നീക്കിതുടങ്ങിയിട്ടുണ്ട് . ചൈനയിൽ കോവിഡ് രോഗം ബാധിച്ച് 3,322 പേരാണ് ഇതിനകം മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണം ലോകത്താകെ 10 ലക്ഷം കവിഞ്ഞു. 51,000 ൽ ഏറെ മരണങ്ങളാണ് 175 രാജ്യങ്ങളിലായി ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുള്ളത്

You must be logged in to post a comment Login