സിനിമകളെക്കാൾ ഏറെ യാത്രയെ സ്നേഹിക്കുന്ന സിനിമാ താരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. വളരെ അപൂർവമായി മാത്രം നാട്ടിലെത്താറുള്ള താരത്തിന്റേതായി പുറത്തുവരുന്ന വീഡിയോകളും ചിത്രങ്ങളും ഞൊടിയിട കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റാറുള്ളത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം ആയിരുന്നു പ്രണവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിശാഖ് സുബ്രഹ്മണ്യം ആയിരുന്നു നിർമ്മാണം. രണ്ട് ദിവസം മുൻപ് നടന്ന വിശാഖിന്റെ വിവാഹത്തിൽ ഹൃദയം ടീമിലെ എല്ലാവരും പങ്കെടുത്തിരുന്നുവെങ്കിലും ആരാധകർ ചോദിച്ച ചോദ്യം പ്രണവ് എവിടെ എന്നായിരുന്നു. ഇപ്പോഴിതാ ഈ ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് വിശാഖ്.
“പ്രണവ് ഒരു യാത്രയിലാണ്. വിവാഹനിശ്ചയത്തിന് അവൻ എത്തിയിരുന്നു. അന്ന് തായ്ലാൻഡിൽ ആയിരുന്ന അവൻ ഫങ്ഷന് വേണ്ടി മാത്രമാണ് നാട്ടിലെത്തിയത്. ഈ വർഷം മുഴുവൻ ട്രിപ്പിന് വേണ്ടി മാറ്റിവയ്ക്കുമെന്ന് അന്നേ അവൻ പറഞ്ഞിരുന്നു. അടുത്ത കൊല്ലം അഭിനയിക്കാൻ വേണ്ടി തയ്യാറെടുത്ത് കൊണ്ടിരിക്കയാണ്”, എന്നാണ് വിശാഖ് മാധ്യമങ്ങളോട് പ്രതികരിച്ചത്.നേരത്തെ ഓണവേളയില്‍ പ്രണവ് പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓണവും പ്രത്യേകതകളും ഒന്നുമില്ലാത്ത ഒരു മനുഷ്യൻ ആണല്ലോ പ്രണവ് എന്നാണ് ആരാധകര്‍ പോസ്റ്റിന് താഴെ കമന്‍റ് ചെയ്തിരുന്നത്.
രണ്ട് ദിവസം മുൻപ് നടന്ന വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തിൽ വൻ താരനിര അണിനിരന്നിരുന്നു. മോഹൻലാലും സുചിത്രയും പങ്കെടുത്ത വിവാഹത്തിൽ ശ്രീനിവാസനും കുടുംബസമേതം പങ്കെടുത്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
