തിരുവനന്തപുരം: ലോക്ഡൗണില്‍ നിയമവിരുദ്ധമായി പെരുമാറുന്നവരെ പിടികൂടാന്‍ പോലീസ് എല്ലാത്തരത്തിലും സജ്ജമാണ്. ആളുകള്‍ കൂട്ടം കൂടുന്നത് തടയാന്‍ ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കള്ളം പറഞ്ഞ് യാത്ര ചെയ്യുന്നവരെ കുടുക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷനും ഇതാ ഇപ്പോള്‍ രംഗത്തിറക്കിയിരിക്കുകയാണ് കേരള പോലിസ് . അനാവശ്യമായി പലതവണ യാത്ര ചെയ്തിട്ടുണ്ടെന്നു വാഹന നമ്പര്‍ നോക്കി ഒറ്റ നിമിഷം കൊണ്ട് കണ്ടെത്തുന്നതാണ് പുതിയ ആപ്ലിക്കേഷന്‍. തിരുവനന്തപുരം സിറ്റി പൊലീസ് നടപ്പാക്കിയ ആപ്ലിക്കേഷന്‍ സംസ്ഥാന വ്യാപകമാക്കാനാണ് ആലോചന. വര്‍ക്കല പോലീസ് തയാറാക്കിയ ആപ്ലിക്കേഷന്‍ കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ഏറ്റെടുത്ത് തിരുവനന്തപുരത്ത് നിര്‍ബന്ധമാക്കുകയായിരുന്നു.
അതുകൊണ്ട് തന്നെ ഇനി കൂടുതല്‍ വിശദമായ ചോദ്യം ചെയ്യലുകളില്ല, പകരം വാഹനത്തിന്റെ നമ്പര്‍ എഴുതിയെടുക്കുന്നത് റോഡ് വിജില്‍ എന്ന ആപ്ലിക്കേഷനിലേക്കാണ്. യാത്രയുടെ ഉദ്ദേശവും രേഖപ്പെടുത്തുന്നുണ്ട്. ഇതുകഴിഞ്ഞ് ഇനി ഏത് പരിശോധനാ കേന്ദ്രത്തിലെത്തിയാലും വണ്ടി നമ്പര്‍ എഴുതുമ്പോള്‍ തന്നെ എത്ര തവണ യാത്ര ചെയ്തു, നേരത്തെ പറഞ്ഞ ആവശ്യങ്ങളെന്ത്, അവിടേക്കാണോ പോകുന്നതു തുടങ്ങിയവ കണ്ടെത്താനാവും.
ഇനി ഇതിന്റെ അനന്തരഫലവും കഠിനമാണ്. പറഞ്ഞത് കള്ളമാണന്ന് കണ്ടാല്‍ ഉടനടി കേസും അറസ്റ്റും പതിനായിരം രൂപ പിഴയും. ആളുകളോട് പോലീസ് തട്ടിക്കയറുന്നു, ചീത്ത വിളിക്കുന്നു തുടങ്ങിയ പരാതികളും ഇതോടെ അവസാനിക്കും.

You must be logged in to post a comment Login