മുല്ലപെരിയാർ ശിൽപി ജോൺ പെന്നിക്വിക്കിനോടുള്ള ആദരവായി അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 15 പൊതുഅവധിയാക്കി തമിഴ്നാട്. തമിഴ്നാട് സർക്കാരിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷം നടത്തുകയും ചെയ്തു. തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം പെന്നിക്വിക്കിന്റെ സ്മാരകത്തിൽ മാല ചാർത്തി. ജോൺ പെന്നിക്വിക്ക് ബ്രിട്ടണിൽ പ്രശസ്തനായ എൻജീനീയറായിരുന്നു. തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ഢിഗൽ, രാമനാഥപുരം, ശിവഗംഗ എന്നീ 5 ജില്ലകളിലെ ജനങ്ങൾക്ക് ശുദ്ധജലം എത്തിക്കാനായി തന്റെ മുഴുവൻ സമ്പാദ്യവും വിറ്റ് മുല്ലുപ്പെരിയാർഡാം നിർമ്മിച്ച ജോൺ പെന്നിക്വിക്കിനെ ഏറെ ആദരവോടെ തമിഴ്നാട് ഓർമ്മിച്ചു. പെന്നിക്വിക്കിന്റെ 178-ാം പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ പ്രതിമ ചെന്നൈ പോലീസ് കമ്മീഷണർ എ.കെ വിശ്വനാഥന്റെ മേൽനോട്ടത്തിൽ കൃഷ്ണഗിരിയിൽ നിർമ്മിക്കുകയും ആ പ്രതിമ ലണ്ടനിൽ എത്തിച്ച് അദ്ദേഹത്തെ സംസ്കരിച്ച സെന്റ് പീറ്റേഴ്സ് ദേവാലയത്തിന്റെ സെമിത്തേരിയിൽ സ്ഥാപിക്കുകയും ചെയ്തു. 1841 ജനുവരി 15 ന് ജനിച്ച പെന്നിക്വിക്ക് 1911 മാർച്ചിലാണ് മരിച്ചത്. ജോൺ പെന്നിക്വിക്കിനെ ദൈവതുല്യനായാണ് തമിഴ്നാട്ടിലെ കർഷക ജനത കാണുന്നത്. എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആഘോഷ പരിപാടികൾ നടത്താറുള്ളതാണ്. ഈ ദിനം പൊതു അവധി ദിനമായി ആചരിക്കണമെന്ന് വിവിധ കർഷസംഘടനകൾ ആവശ്യപ്പെട്ടു വരികയായിരുന്നു. 1806 നവംബറിൽ ഇന്ത്യയിലെത്തിയ ഇദ്ദേഹം 1882 ൽ മുല്ലപ്പെരിയാർ ഡാം നിർമ്മാണത്തിന് നേതൃത്വം നൽകി. 1895 ൽ മുല്ലപ്പെരിയാർ ഡാം നിർമ്മാണം പൂർത്തിയായി. തമിഴ്നാട്ടിലെ കമ്പം, തേനി, മധുര എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്

You must be logged in to post a comment Login