കഴിഞ്ഞ വര്‍ഷം ഗുരുതരമായി പ്രളയം ബാധിച്ച സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ധനസഹായ പട്ടികയിൽ കേരളമില്ല. ഗുരുതരമായി പ്രളയ ദുരന്തങ്ങൾ ബാധിച്ചിട്ടും കേരളത്തെ ഒഴിവാക്കി ഏഴ് സംസ്ഥാനങ്ങള്‍ക്കാണ് അധികധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം പ്രളയത്തിലെ തകര്‍ച്ചകള്‍ അതിജീവിക്കാന്‍ കേരളം ആവശ്യപ്പെട്ടിരുന്നത് 2101 കോടി രൂപയാണ്.
കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് അവഗണന തുടരുന്നുവെന്ന ആരോപണത്തിന് അടിവരയിടുന്നതാണ് ഈ തീരുമാനം. 2019ല്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, മേഘവിസ്ഫോടനം എന്നിവ നേരിട്ട ഏഴ് സംസ്ഥാനങ്ങൾക്കാണ് 5908.56 കോടി രൂപ അധിക ധനസഹായം പ്രഖ്യാപിച്ചത് . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ധനമന്ത്രി നിര്‍മല സീതാരാമനും ആഭ്യന്തര,കൃഷി,ധന മന്ത്രാലയ ഉദ്യോഗസ്ഥരും നീതി ആയോഗ് അംഗങ്ങളും പങ്കെടുത്ത ഉന്നതതല യോഗമാണ് സംസ്ഥാനങ്ങൾക്കായുള്ള അധിക ധനസഹായം തീരുമാനിച്ചത്.
ഹിമാചല്‍ പ്രദേശ്, അസം, മധ്യപ്രദേശ്,കര്‍ണാടക, മഹാരാഷ്ട്ര, ത്രിപുര, യുപി എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ധനസഹായം. 2019ലെ പ്രളയത്തില്‍ ധനസഹായമായി കേരളം ആവശ്യപ്പെട്ടിരുന്നത് 2101 കോടി രൂപയാണ്. സെപ്റ്റംബര്‍ 7ന് കേരളം കത്തുനല്‍കുകയും ചെയ്തിരുന്നു. വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലുള്‍പ്പെടെ വന്‍ദുരന്തത്തെയാണ് കേരളം കഴിഞ്ഞ വര്‍ഷം അതിജീവിച്ചത്. 125 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത് . കേരളത്തിൽ നടന്ന ദുരന്തത്തെ തുടർന്ന് സംസഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയ ധന സമാഹരണത്തിലേക്ക് വൻ തുക എത്തിയെങ്കിലും ദുരന്തത്തിനിരയായവർക്ക് ഇന്നും നഷ്ടപരിഹാരം ഒന്നും തന്നെ ലഭിച്ചിട്ടില്ല .

You must be logged in to post a comment Login