കുട്ടികളെ ലക്‌ഷ്യം വച്ച് പണം തട്ടാൻ പുതിയ സൈബർ ഗെയിം രംഗത്ത്. ‘ചെകുത്താൻ ‘ എന്ന അർത്ഥമുള്ള പുതിയ ഒരു സൈബർ ഗെയിമാണു കുട്ടികളിൽ മാനസിക വിഭ്രാന്തി സൃഷ്ടിച്ച് അവരെ തങ്ങളുടെ വരുതിയിലാക്കി പണം തട്ടുന്നത് . മോമൊ, ബ്ലൂ വേയ്ൽ തുടങ്ങി അപകടകരവും വെല്ലുവിളികൾ നിറഞ്ഞതും കുട്ടികളെ ആത്മഹത്യയിലേക്കു വരെ കൊണ്ടെത്തിക്കുന്ന ഗെയിമുകളിൽ നിന്നു വ്യത്യസ്തമായി പണം കൂടി തട്ടിയെടുക്കുന്നു എന്നതാണ് ഈ ഗെയിമിന്റെ പ്രത്യേകത. കുട്ടികളുടെ ഇടയിൽ മൊബൈൽ ഉപയോഗം സർവ സാധാരണമായതോടെ ഇരകളെ കണ്ടെത്താനും കുട്ടികളെ വലയിലാക്കാനും ഇവർക്ക് എളുപ്പമായിരിക്കുകയാണ്.
5000 രൂപയാണ് ഈ ഗെയിമിന്റെ പ്രവേശന ഫീസ്. അംഗത്വമെടുത്തു കഴിഞ്ഞാൽ അവർ ഓരോരോ ടാസ്കുകൾ നൽകും.തുടർന്ന് വിവിധ ആവശ്യങ്ങൾക്കായി പണം ആവശ്യപ്പെടുന്നു. ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റിന്റെ പരിഗണനയിൽ വന്ന ഒരു കേസിൽ അമേരിക്കയിൽ കൊണ്ടു പോകാമെന്നു പറഞ്ഞാണു കുട്ടിയുടെ കയ്യിൽ നിന്നും പണം തട്ടിയത്.കഴുത്തിൽ കിടന്ന മാല പണയം വച്ചാണു വിദ്യാർഥി പണം നൽകിയത്. ഗെയിമിന് അടിമപ്പെട്ട വിദ്യാർഥികൾ പണമുണ്ടാക്കാനായി കഞ്ചാവ് മാഫിയയുടെ വരെ ഏജന്റുമാരായി ജോലി ചെയ്യുന്നു. പെട്ടന്നുള്ള കുട്ടികളുടെ അസ്വാഭാവിക പെരുമാറ്റത്തിന്റെ പേരിൽ തുടർച്ചയായി പരാതികൾ വന്നതോടെ ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് നടത്തിയ പരിശോധനയിലാണു ഞെട്ടിക്കുന്ന ഈ വിവരങ്ങൾ ബോധ്യപ്പെട്ടത്.
കുട്ടികളുടെ മൊബൈൽ ഉപയോഗം നിയന്ത്രിക്കാൻ അധികൃതർക്കോ വീട്ടുകാർക്കോ കഴിയുന്നില്ല എന്നതാണ് ഇത്തരം ഗെയിമുകളുമായി കുട്ടികളെ വരുതിയിലാക്കാൻ സൈബർ ക്രിമിനൽസിനു കഴിയുന്നതെന്നു ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസർ ജി. പ്രസന്ന കുമാരി പറഞ്ഞു

You must be logged in to post a comment Login