കൊച്ചി : ബുധനാഴ്ച മുതൽ ടോൾ പ്ലാസകളിൽ ഒരു ട്രാക്ക് ഒഴികെ ബാക്കിയെല്ലാ ട്രാക്കുകളിലും ഫാസ്റ്റ് ടാഗ് നിർബന്ധമാക്കും. അതോടെ ഫാസ്റ്റ് ടാഗില്ലാത്ത വാഹനങ്ങൾ ഒറ്റവരിയിൽ മാത്രമായി സഞ്ചരിക്കേണ്ടിവരും. ഒരു വശത്തേയ്ക്ക് ആകെ ആറ് ട്രാക്കുകളാണ് പാലിയേക്കര ടോൾ പ്ലാസയിൽ ഉള്ളത്. ഫാസ്റ്റ് ടാഗ് നിർബന്ധമാക്കുന്നതോടെ അതിൽ പണം കൊടുത്ത് പാസ് എടുക്കാൻ സാധിക്കുന്ന ട്രാക്ക് ഒന്ന് മാത്രമാകും
മറ്റു അഞ്ചു ട്രാക്കുകളിലൂടെയും ഫാസ്റ്റ് ടാഗ് കാർഡുണ്ടെങ്കിൽ മാത്രമേ കടന്നു പോകാൻ സാധിക്കൂ.
പാലിയേക്കര ടോൾ പ്ലാസയിലൂടെ പ്രതിദിനം കടന്നു പോകുന്നത് 40,000 വാഹനങ്ങളാണ് ഇവയിൽ 12,000 എണ്ണം മാത്രമാണ് ഇതുവരെ ഫാസ്റ്റ് ടാഗ് കാർഡ് എടുത്തിട്ടുള്ളത്. ബാക്കി 28,000 വാഹനങ്ങളും ഇതുവരെ ഫാസ്റ്റ് ടാഗ് എടുത്തിട്ടില്ല. നാളെ മുതൽ ഈ വാഹനങ്ങൾ ഒറ്റ ട്രാക്കിലൂടെ പോകേണ്ടി വരുന്നതോടെ കിലോമീറ്ററുകളോളം നീളുന്ന വരി റോഡിൽ പ്രത്യക്ഷപ്പെടും. ഇത് വൻ ഗതാഗത കുരുക്കിന് കാരണമാകും
എന്നാൽ ഇതുവരെയും പാലിയേക്കരയിൽ തദ്ദേശീയരുടെ സൗജന്യ യാത്ര പ്രശ്നത്തിന് ഒരു പരിഹാരമായിട്ടില്ല. പ്രതിമാസം 150 രൂപയാണ് ഫാസ്റ്റ് ടാഗ് കിട്ടാൻ തദ്ദേശീയരായ യാത്രക്കാർക്ക് മുടക്കേണ്ടി വരുന്നത്.
ആദ്യം ഡിസംബർ 15 ഓട് കൂടിയാണ് ഫാസ്റ്റ് ടാഗ് നിർബന്ധമാക്കാൻ നിശ്ചയിച്ചിരുന്നതെങ്കിലും വ്യാപകമായ പരാതിയെ തുടർന്നു ഒരു മാസം കൂടി സമയം നൽകുകയായിരുന്നു.

You must be logged in to post a comment Login