ബസ് കാറിനു മുകളിലേക്ക് പാഞ്ഞു കയറി ഒരു കുടുംബത്തിലെ 4 പേർ തൽക്ഷണം മരിച്ചു. . ഇന്നലെ പുലർച്ചെ 5.40ന് ചേരുംചുവടു പാലത്തിനു സമീപമായിരുന്നു അപകടം നടന്നത് . കാറിലുണ്ടായിരുന്ന ഉദയംപേരൂർ പത്താംമൈൽ മനയ്ക്കൽപറമ്പിൽ വിശ്വനാഥൻ (62), ഭാര്യ ഗിരിജ (57), മകൻ സൂരജ് (32), വിശ്വനാഥന്റെ അനിയൻ സതീശന്റെ ഭാര്യ അജിത (49) എന്നിവരാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന കുടുംബം ചേർത്തല വേളോർവട്ടം ക്ഷേത്രത്തിലേക്കു ദർശനത്തിനു പോവുകയായിരുന്നു . കാർ ഓടിച്ചിരുന്നത് സൂരജായിരുന്നു. വിശ്വനാഥൻ മുൻസീറ്റിലായിരുന്നു ഇരുന്നത്. വൈക്കം -എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ലിറ്റിൽ റാണി ബസാണ് അപകടത്തിൽപെട്ടത്. ബസ് രാവിലെ സർവീസ് ആരംഭിക്കാൻ ഉല്ലലയിൽ നിന്നു വൈക്കം സ്റ്റാൻഡിലേക്കു പോവുകയായിരുന്നു
നാൽക്കവലയിൽ ഇരുവാഹനങ്ങളും അമിത വേഗത്തിലായിരുന്നെന്നു വന്നതെന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിച്ച് പൊലീസ് പറയുകയുണ്ടായി. അപകടത്തെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു പാലം കടന്ന് ചേർത്തല – വൈക്കം റോഡിലേക്കു പുളിഞ്ചുവടു ഭാഗത്തു നിന്നു കയറി വന്ന കാറിൽ ബസ് ഇടിക്കുകയായിരുന്നു. ചരിഞ്ഞുപോയ കാറിനു മുകളിലേക്ക് ബസ് കയറി. കാറും ബസും നിരങ്ങി നീങ്ങി സമീപത്തെ മതിലിൽ ഇടിച്ചാണു നിന്നത്. കാർ പൂർണമായും ബസിന് അടിയിൽപെട്ടു.
കാറിലുള്ളവരെ പുറത്തെടുക്കാൻ ആദ്യം നാട്ടുകാരെത്തി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അപകടമുണ്ടായ ഉടനെ ബസ് ജീവനക്കാർ ഇറങ്ങിയോടി. വൈക്കം പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ വൈക്കം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി.

You must be logged in to post a comment Login