വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി , യുവാവ് ലോറി കയറി മരിച്ചു .
അങ്കമാലി : റോഡിലെ കുഴി വീണ്ടും വില്ലനായി. കറുകുറ്റി നോര്‍ത്ത് പീച്ചാനിക്കാട് മഠത്തുംകുടി വീട്ടില്‍ എം സി പോളച്ചന്റെ മകന്‍ ജിമേഷ് (22) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.20 ഓടെ അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തിനു സമീപത്തായിരുന്നു അപകടം. റോഡിലെ കുഴിയില്‍ ചാടാതിരിക്കാന്‍ മുന്നില്‍ പോയ കാര്‍ പെട്ടെന്ന് ബ്രേക്കിടുകയും കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ജിമേഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കാറിലിടിച്ച് ടാങ്കര്‍ ലോറിക്കടിയിലേക്ക് മറിയുകയായിരുന്നു. ജിമേഷ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.
മരണപ്പെട്ട അമ്മൂമ്മയ്ക്ക് അന്ത്യ ചുംബനം നല്‍കി മടങ്ങവെയായിരുന്നു ജിമേഷിന്റെ ദാരുണാന്ത്യം. പിതാവിനെ മരണവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി സ്‌കൂട്ടറില്‍ പീച്ചാനിക്കാട്ടേയ്ക്ക് വന്നതായിരുന്നു ജിമേഷ്. ടാങ്കര്‍ ലോറി ടി ബി ജംഗ്ഷനില്‍ കൂടി കാലടി ഭാഗത്തേക്ക് വരികയായിരുന്നു. അപകടത്തെ തുടര്‍ന്ന് ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളം ചാവറ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ് ജിമേഷ്.

You must be logged in to post a comment Login