നൂറ്റാണ്ടിലെ രണ്ടാമത്തെയും ഏറ്റവും മനോഹരവുമായ കാഴ്ചയായി ഇത്തവണത്തെ വലയസൂര്യഗ്രഹണം. ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ നില്‍ക്കുന്നസമയത്ത് സൂര്യന്റേയും ഭൂമിയുടേയും നേര്‍രേഖയില്‍ വരുമ്പോഴാണ് വലയഗ്രഹണം സംഭവിക്കുന്നത്. ഈസമയത്ത് മൂന്ന് ഗ്രഹങ്ങളുടേയും കോണളവ് പൂര്‍ണഗ്രഹണത്തിന് സമാനമായിരിക്കുമെങ്കിലും ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് അകലെയായതിനാല്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കാനാവില്ല. ഒരു വലയം ബാക്കിയാകും. സൂര്യന്റെ പ്രതലം മറച്ച് ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ചന്ദ്രന് ചുറ്റുമായി കാണുന്ന സൂര്യന്റെ കൊറോണയുടെ ഭാഗമാണ് ഈ പ്രകാശവലയം. റിങ് ഓഫ് ഫയര്‍ എന്നറിയപ്പെടുന്ന ഈ വലയം കേരളത്തില്‍ രാവിലെ 9.25 മുതല്‍ 11 . 30 വരെ ദൃശ്യമായി.
കേരളത്തിലെ വടക്കൻ ജില്ലകളായ കാസര്‍കോടും കണ്ണൂരും വയനാട്ടിലും ഏറ്റവും വ്യക്തമായി സൂര്യഗ്രഹണം ദൃശ്യമാകും എന്നറിയിച്ചതിനെ തുടർന്ന് വിപുലമായ ഒരുക്കങ്ങളാണ് തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടത്തിയിരുന്നത്. എന്നാൽ വയനാട്ടിലെ വിദ്യാർത്ഥികളെയും ജനങ്ങളെയും പൂർണമായും നിരാശരാക്കി കൊണ്ടാണ് സൂര്യഗ്രഹണം കടന്നു പോയത്. അന്തരീക്ഷം മേഘാവൃതമായതിനാൽ ആദ്യമണിക്കൂറുകളിൽ പോലും ആര്‍ക്കും ഗ്രഹണം കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു വയനാട്ടിൽ ഉണ്ടായിരുന്നത്. മഞ്ഞ് മൂടിയ കാലവസ്ഥക്ക് പുറമെ തൊട്ട് തലേന്ന് രാത്രി പെയ്ത മഴയും ആകാശ വിസ്മയം കാണാനെത്തിയവര്‍ക്ക് തിരിച്ചടിയായി. കാത്തിരിപ്പിനൊടുവിൽ മാനന്തവാടിയിലെ ചില ഇടങ്ങളിൽ മാത്രമാണ് വലയ ഗ്രഹണം കാണാനായത്.
രാവിലെ എട്ടുമണി കഴിഞ്ഞ് നാലു മിനുട്ടായപ്പോഴാണ് കാസര്‍കോട് ചെറുവത്തൂരിലാണ് കേരളത്തില്‍ ഗ്രഹണം ആദ്യം കാണപ്പെട്ടത് . ഈ ചരിത്ര സംഭവത്തെ നിരീക്ഷിക്കുന്നതിനായി ജില്ലാഭരണ കൂടവും ചെറുവത്തുർ ഗ്രാമ പഞ്ചായത്തും സായുകതമായി വൻ സജ്ജീകരങ്ങളാണ് ജനങ്ങൾക്കും മാധ്യമങ്ങൾക്കും വേണ്ടി ഒരുക്കിയിരുന്നത്, നിരീക്ഷകർക്ക് മാർഗ നിർദ്ദേശം നൽകുന്നതിനായി ശാസ്ത്രജ്നജരുടെ സാനിധ്യവും ഇവിടെ ശ്രദ്ധേയമായിരുന്നു. ഒന്‍പത് ഇരുപത്തിയാറോടെ വടക്കന്‍ ജില്ലകളില്‍ ഇത് വലയ സൂര്യഗ്രഹണമായി മാറി. നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം രണ്ടരമിനുട്ടുവരെ നീണ്ടുനിന്നു. മറ്റിടങ്ങളില്‍ ഭാഗിക ഗ്രഹണമായി പതിനൊന്നേകാല്‍വരെ ദൃശ്യമായി.
സൂര്യഗ്രഹം എന്നാൽ ,
സൂര്യനെ ഭൂമിയും ഭൂമിയെ ചന്ദ്രനും പരിക്രമണം ചെയ്യുമ്പോൾ ഈ കറക്കങ്ങൾക്കിടയിൽ ഇവ മൂന്നും ഒരു നേർരേഖയിൽ വന്നാൽ ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനോ ചന്ദ്രനോ മറയപ്പെടുന്നതായി അനുഭവപ്പെടും. ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ വരികയും, ചന്ദ്രൻ സൂര്യബിംബത്തെ മറയ്ക്കുകയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. സൂര്യനും ചന്ദ്രനുമിടയിൽ ഭൂമി വരികയും, ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിയ്ക്കുകയും ചെയ്യുന്നതുമൂലം ചന്ദ്രഗ്രഹണവും സംഭവിക്കുന്നു.
സൂര്യബിംബത്തെ ചന്ദ്രൻ മറയ്ക്കുന്നതിനെയാണ് സൂര്യഗ്രഹണം എന്ന് പറയുന്നത്. നമ്മുടെ കാഴ്ചയിൽ ഒരു വസ്തുവിന്റെ വലുപ്പം അതിന്റെ യഥാർഥ വലുപ്പത്തെയും ആ വസ്തുവിലേക്കുള്ള ദൂരത്തേയും ആശ്രയിച്ചിരിക്കും. അകലം കൂടുന്തോറും വസ്തുക്കളുടെ ആപേക്ഷിക വലുപ്പം കുറയുന്നു. ആകാശത്തു പറക്കുന്ന വിമാനത്തെ ഒരു പക്ഷിയുടെ വലുപ്പത്തിൽ നാം കാണുന്നത് ഉദാഹരണം . ചന്ദ്രന്റെ വ്യാസം 3474 കിലോമീറ്റർ ആണ്. ഭൂമിയിൽ നിന്നു ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം 3,84,400 കിലോമീറ്ററും, ഈ ദൂരം മൂലമാണ് ചന്ദ്രനെ നമ്മൾ തീരെ ചെറിയ ഒരു വസ്തുവായി കാണുന്നത് . സൂര്യനു ഏകദേശം 14 ലക്ഷം കിലോമീറ്റർ വ്യാസമുണ്ട് . ഭൂമിയിൽ നിന്നും ഏകദേശം 15 കോടി കിലോമീറ്റർ അകലെയാണ് സൂര്യൻ. ഈ ദൂരം കാരണം ആണ് നേർക്കുനേരെ വരുമ്പോൾ ഭീമാകാരനായ സൂര്യനെ ചന്ദ്രന് മറയ്ക്കാൻ സാധിക്കുന്നത്.
ഭൂമിയും ചന്ദ്രനുമൊക്കെ പരിക്രമണം ചെയ്യുന്നത് ദീർഘവൃത്താകാര പാതയിലായതിനാൽ തന്നെ ചിലസമയങ്ങളിൽ ഭൂമിയും ചന്ദ്രനുമായുള്ള അകലം കൂടുതലായിരിക്കും ഈ സമയം ചന്ദ്രന്റെ ആപേക്ഷിക വലുപ്പം കുറയുകയും ചെയ്യും. ഇത്തരം അവസരത്തിലാണ് ഗ്രഹണം നടക്കുന്നതെങ്കിൽ സൂര്യനെ പൂർണ്ണമായും മറയ്ക്കാനുള്ള ആപേക്ഷിക വലുപ്പം ചന്ദ്രനുണ്ടാകില്ല. ഇത് കൊണ്ട് തന്നെ ചന്ദ്രനാൽ മറയ്ക്കപ്പെടാത്ത സൂര്യബിംബത്തിന്റെ പുറംഭാഗം ഒരു വലയം പോലെ നമുക്ക് കാണാനാകും. ഇതാണ് വലയ സൂര്യഗ്രഹണം.
സൂര്യഗ്രഹണ സമയങ്ങളിൽ പ്രത്യേക രശ്മികൾ പുറപ്പെടുവിക്കും എന്ന വാർത്ത സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നത് ജനങ്ങളിൽ ആശങ്കകൾക്കിടയാക്കിരുന്നു. എന്നാൽ ഗ്രഹണ സമയങ്ങളിൽ നഗ്ന നേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കുമ്പോൾ അൾട്രാ വയലറ്റ് രശ്മികൾ കണ്ണിന്റെ കോശങ്ങളെ നശിപ്പിക്കുന്നതിടയാക്കുകയും ഇത് ക്രമേണ കാഴ്ച നഷ്ടമാകുന്നതിനും കാരണമായി തീരുന്നു എന്നതല്ലാതെ ഗ്രഹണ സമയത്തു യാതൊരു വിധ പ്രത്യേക രശ്മികളും സൂര്യനിൽ നിന്നും പുറപ്പെടുന്നില്ല എന്നതാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.
കേരളത്തിൽ ഈ നൂറ്റാണ്ടിൽ 3 വലയ സൂര്യഗ്രഹണങ്ങൾ മാത്രമാണുള്ളത്. ആദ്യത്തേതു 2010 ജനുവരി 15നു തിരുവനന്തപുരം കേന്ദ്രീകരിച്ചു ദൃശ്യമായിരുന്നു. അവസാനത്തെ വലയഗ്രഹണത്തിനായി 2031 മേയ് 21 വരെ കാത്തിരിക്കണം. ഇത് കോട്ടയം കേന്ദ്രമായി മധ്യകേരളത്തിൽ ദൃശ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

You must be logged in to post a comment Login