ഫാൻസിനമ്പറും തലവേദനയും !

0
438

 

കാക്കനാട് : വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയതോടെ ഫാന്‍സി നമ്പര്‍ ബുക്കിങ്ങിന് ആളില്ല. നാലക്കത്തില്‍ നമ്പര്‍ എഴുതണമെന്ന മോട്ടോര്‍ വാഹന ഭേദഗതി നിയമമാണ് ഫാന്‍സി നമ്പരുകള്‍ക്ക് തിരിച്ചടിയാകുന്നത്. ഇതിനൊപ്പം ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയ സംസ്ഥാനത്തെ വാഹനനമ്പര്‍ ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കെട്ടിവയ്ക്കുന്ന അടിസ്ഥാന തുക തിരികെ ലഭിക്കുന്നില്ലെന്ന ആക്ഷേപവും നിലവിൽ ഉണ്ട് .

ലക്ഷങ്ങള്‍ മുടക്കി ഒറ്റയക്ക നമ്പരുകള്‍ വാങ്ങിയിരുന്നവര്‍ ഇപ്പോള്‍ ഫാന്‍സികളിലേക്കു തിരിഞ്ഞുനോക്കുന്നില്ലെന്നാണ് എറണാകുളം ആര്‍.ടി. ഓഫീസ് ജീവനക്കാര്‍ പറയുന്നത്.
ഒരു ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ഒന്നാം നമ്പരിന് പലപ്പോഴും ആവശ്യക്കാരില്ല. പുതിയ നിയമം അനുസരിച്ച് 0001 എന്നു വേണം നമ്പര്‍ പ്ലേറ്റില്‍ എഴുതാന്‍. കെ.എല്‍. 01, എന്ന നമ്പർ 0001 എന്നെഴുതുന്നതോടെ ഫാന്‍സിയുടെ മുഴുവന്‍ പകിട്ടും നഷ്ടപ്പെടുമെന്നാണ് വാഹന ഉടമകളുടെ പരാതി.

ഫാന്‍സി നമ്പര്‍ ബുക്കിങ്ങില്‍ വന്‍ വരുമാന നഷ്ടമുണ്ടായിട്ടുള്ളതായി ആര്‍.ടി. ഓഫീസുകളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സ്ഥിര വരുമാനക്കാര്‍ ഫാന്‍സി നമ്പരില്‍നിന്ന് അകന്നു. മെച്ചപ്പെട്ട സാമ്പത്തിക ശേഷിയുള്ളവര്‍ മാത്രമേ വലിയ തുക മുടക്കി ഫാന്‍സി നമ്പര്‍ സ്വന്തമാക്കുന്നുള്ളു. എന്നാല്‍ പോലും 50,000 രൂപയ്ക്ക് മുകളിലുള്ള ലേലത്തിന് സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവര്‍ പോലും തയ്യാറാകുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഏതെങ്കിലും നമ്പര്‍ മതിയെന്നാണ് വാഹന ഉടമകള്‍ പറയുന്നത്.

വരുമാനം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്നുണ്ടെങ്കിലും കൃത്യമായി ലഭിച്ചുകൊണ്ടിരുന്ന വരുമാന സ്രോതസ്സ് അടഞ്ഞതിന്റെ ആശങ്കയിലാണ് ആര്‍.ടി.ഒ. ഓഫീസുകള്‍. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഡീലര്‍മാര്‍ക്ക് നല്‍കുകയും നമ്പര്‍ എഴുതുന്നതില്‍ കര്‍ശന നിബന്ധന വരികയും ചെയ്തതോടെ ഫാന്‍സി നമ്പര്‍ ലേലത്തില്‍നിന്നുള്ള വരുമാനം പൂര്‍ണമായും ഇല്ലാതാകുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

പഴയ വാഹനങ്ങളുടെ നമ്പരുകളും പുതിയ നിബന്ധന പ്രകാരം മാറ്റിയെഴുതണമെന്ന ഉത്തരവും ഉടന്‍ നടപ്പാക്കുന്നതോടെ ലക്ഷങ്ങള്‍ മുടക്കിയെടുത്ത ഒറ്റ നമ്പരുകള്‍ വാഹന ഉടമകള്‍ 4 അക്കത്തില്‍ എഴുതേണ്ടിയും വരും

ഇതിനെല്ലാം ഒപ്പം ആണ് ഇപ്പോൾ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയ സംസ്ഥാനത്തെ വാഹന നമ്പര്‍ ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കെട്ടിവയ്ക്കുന്ന അടിസ്ഥാന തുക തിരികെ ലഭിക്കുന്നില്ലെന്ന ആക്ഷേപവും. വാഹന നമ്പര്‍ ലേലം കൂടുതല്‍ സുതാര്യമാക്കാന്‍ അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് പഴയ സംവിധാനത്തില്‍നിന്ന് “വാഹന്‍ ” എന്ന സോഫ്റ്റ്‌വെയറിലൂടെ ലേലം പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റിയത്. ഇതിനുശേഷം ലേലത്തില്‍ പങ്കെടുത്ത് പരാജയപ്പെട്ടവര്‍ക്കാണ് മാസങ്ങള്‍ കഴിഞ്ഞിട്ടും സ്വന്തം പണം തിരികെ ലഭിക്കാത്തത്.

പുതിയ സംവിധാനം അനുസരിച്ചു ഇഷ്ട നമ്പറിനായി ഓണ്‍ലൈനില്‍ കൂടുതല്‍ തുകയടച്ചു ആരാണോ മാര്‍ക്ക് ചെയ്യുന്നത് അവര്‍ക്കാണ് നമ്പര്‍ ലഭ്യമാവുക. എന്നാല്‍ വലിയ തുകകള്‍ മുടക്കി ലേലത്തില്‍ പങ്കെടുത്ത് പരാജയപ്പെടുന്നവര്‍ക്ക് അവരുടെ തുക കൃത്യമായി തിരികെ ലഭിക്കുന്നില്ല എന്ന ആക്ഷേപം ആണ് ഇപ്പോൾ ഉയരുന്നത് . ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ ഉടമസ്ഥര്‍ക്ക് ലഭിക്കാതെ കെട്ടിക്കിടക്കുന്നത്. അതേസമയം ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയതുകൊണ്ടുള്ള ചില സാങ്കേതിക പ്രശ്‌നങ്ങളാണ് ഇതിന് കാരണമെന്നും ജനങ്ങളുടെ ആശങ്കകള്‍ വൈകാതെ പരിഹരിക്കുമെന്നും കോഴിക്കോട് ആര്‍ടിഒ സുഭാഷ് ബാബു പറഞ്ഞു.

ഓണ്‍ലൈന്‍ ലേലത്തില്‍ പരാജയപ്പെടുന്നവരുടെ തുക സ്വയം തിരികെ അക്കൗണ്ടിലേക്ക് വരുന്ന സംവിധാനം നിലവിലില്ല, ഇതിനായി ഉടമസ്ഥര്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. ആദ്യം ഇ-ട്രഷറി വെബ്‌സൈറ്റില്‍ (www.etreasury.kerala.gov.in) കയറി റീഫണ്ട് റിക്വസ്റ്റ് ഓപ്ഷനില്‍ ബുക്ക് ചെയ്യുമ്പോള്‍ ലഭിച്ച GRN നമ്പര്‍ വിവരങ്ങള്‍ നല്‍കണം. ഇതിന് ശേഷം ആവശ്യമായ രേഖകള്‍ സഹിതം ആര്‍ടിഒ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കുകയും വേണം. എന്നാല്‍ ഈ നടപടിക്രമങ്ങള്‍ക്ക് ശേഷവും ഉടമസ്ഥര്‍ക്ക്‌ പണം തിരിച്ചുകിട്ടാന്‍ വൈകുകയാണ്.