കൊച്ചിയിൽ മറയില്ലാത്ത മാൻഹോളിൽ വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.

0
441

യുവ വ്യവസായ സംരംഭകയും ഫാഷൻ ഡിസൈനറുമായ ആൻ മേരി ജോൺസ് ആണ് കഴി‍ഞ്ഞ ദിവസം കൊച്ചി ചളിക്കവട്ടത്തെ സ്വകാര്യ കെട്ടിടത്തിന്റെ മാൻഹോളിൽ വീണത്. പൂചെടികൾ നനയ്ക്കാനിറങ്ങിയ ആൻ കാൽതെറ്റി മാൻഹോളിലെക്ക് വീഴുകയായിരുന്നു. മലിനജലത്തിലേക്ക് മുങ്ങിത്താഴുന്ന ആൻ മേരിയുടെ നിലവിളി ശബ്ദം കേട്ടെത്തിയ ഭർത്താവ് സോജിയാണ് ആൻമേരിയെ രക്ഷപ്പെടുത്തിയത്. കൈകൾക്കും കാലിനും പരിക്കേറ്റ ആൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

ആൻമേരി അദ്ഭുതകരമായി രക്ഷപ്പെട്ടത് ഒരു മാൻഹോൾ ദുരന്തത്തിൽ നിന്ന് തന്നെയാണ് .
ആന്മേരിയുടെ വാക്കുകൾ : ”ഇൻഡോർ ചെടികളുടെ ഒരു കടയാണ് ഞങ്ങൾ നടത്തുന്നത്. അതുകൊണ്ട് ഈ ചെടികൾക്ക് തണലൊരുക്കി പ്രത്യേകം നനയ്ക്കണം. അത് വേറെ എവിടേയ്ക്കും വീഴാതിരിക്കാൻ വേണ്ടി നീക്കി വെയ്ക്കാൻ നീങ്ങിയത് മാത്രമേ  ഓർമയുള്ളൂ. ഈ മാൻഹോളിനകത്തേക്ക് വീണു. അതിലേക്ക് മുങ്ങിത്താണ് പോയി. എനിക്ക് നീന്തലറിയില്ല. എന്നിട്ടും കൈയും കാലുമിട്ടടിച്ചപ്പോൾ മുകളിലേക്ക് പൊങ്ങി വന്നു. പക്ഷേ വീണ്ടും താണ് പോയി. വീണ്ടും കൈകാലിട്ടടിച്ചപ്പോഴാണ് പൊങ്ങി വന്നത്. എന്തോ ഭാഗ്യം കൊണ്ടാണ്. അവിടെയുണ്ടായിരുന്ന ഒരു ഗ്രില്ലിൽ പിടിച്ച് ഭർത്താവിനെ വിളിച്ചു. അടുത്തെങ്ങും ആരുമുണ്ടായിരുന്നില്ല. ആദ്യമൊന്നും ആരും വിളി കേട്ടില്ല. പിന്നീട് അദ്ദേഹം എന്തോ ശബ്ദം കേട്ട് ഓടി വന്നു. പക്ഷേ ഒറ്റയ്ക്ക് എന്നെ പിടിച്ചു കയറ്റാൻ പറ്റിയില്ല. അങ്ങനെ നോക്കിയാൽ രണ്ട് പേരും അകത്തേയ്ക്ക് പോകും. അപ്പോ തൊട്ടടുത്ത് ഒരു കഫേ ഉണ്ട്. അവിടത്തെ കുട്ടികളെ ഓടിപ്പോയി അദ്ദേഹം വിളിച്ചു കൊണ്ടു വന്നു. അങ്ങനെ എല്ലാവരും കൂടി എന്നെ പിടിച്ച് കയറ്റുകയായിരുന്നു”,

പല തവണ പരാതിപ്പെട്ടിട്ടും സ്വകാര്യ കെട്ടിടത്തിന്റെ ഉടമ മാൻഹോൾ അടയ്ക്കാനുള്ള നടപടിയെടുത്തില്ലെന്ന് ആൻമേരിയും ഭർത്താവും പറയുന്നു. ”ഈ അപകടമുണ്ടായത് ഈ കെട്ടിടത്തിന്‍റെ ഉടമയും ചുമതലക്കാരും അറിഞ്ഞിട്ടുണ്ട്. ഇത്ര സമയമായിട്ടും ആ മാൻഹോൾ അടയ്ക്കാനുള്ള നടപടി എടുക്കുകയോ, തന്നെ വിളിച്ച് ഒന്ന് അന്വേഷിക്കുകയോ, ചികിത്സ എങ്ങനെയുണ്ട് , എന്‍റെ ആരോഗ്യം എങ്ങനെയുണ്ട് എന്ന് ഒന്ന് ചോദിക്കുക പോലും ചെയ്തിട്ടില്ല”, ആന്മേരി പറയുന്നു. തുടർന്ന് ആൻ മേരി ജോൺസ് കെട്ടിടത്തിന്‍റെ ഉടമയ്ക്ക് എതിരെ പൊലീസിൽ പരാതി നൽകി.

കെട്ടിടത്തിന്റെ പിന്നിൽ അഞ്ചിലേറെ മാൻഹോളുകൾ ഇപ്പോഴും അടയ്ക്കാതെ കിടക്കുന്നു . അങ്കമാലി അതിരൂപതയ്ക്ക് കീഴിലാണ് കെട്ടിടം . ഉടൻ തന്നെ മാൻഹോളുകൾ അടയ്ക്കാനുള്ള നടപടികളുണ്ടാകുമെന്നും അപകടമുണ്ടായത് ശ്രദ്ധയിൽ പെട്ടെന്നും കെട്ടിടത്തിന്റെ ചുമതലക്കാർ അറിയിച്ചു.