കാർത്തികയാണോ നിങ്ങളുടെ നക്ഷത്രം; എങ്കിൽ ഇതൊക്കെ അറിഞ്ഞോളൂ
കാർത്തിക നക്ഷത്രത്തിൽ ജനിച്ചവർ ധനവാന്മാരും മുഖ കാന്തിയോടു കൂടിയവരും വിദ്യാസമ്പന്നരും ആയിരിക്കും. കാർത്തിക സംഹാര നക്ഷത്രവും അധോമുഖ നക്ഷത്രവുമാണ്. അന്നപ്രാശന നക്ഷത്രമല്ലാത്തതിനാൽ ചോറൂണ് പോലുള്ള കർമ്മങ്ങൾക്ക് പറ്റിയ നക്ഷത്രമല്ല കാർത്തിക. വാഹനം വിൽക്കുവാനും സാഹസികതയ്ക്കും പറ്റിയ നക്ഷത്രമാണ് കാർത്തിക. ഇച്ഛാ ശക്തി, ശരീര സുഖം എന്നിവയോടു കൂടിയവരായിരിക്കും കാർത്തിക നക്ഷത്രക്കാർ. സഹന ശക്തി കുറഞ്ഞവരും, കഷ്ടപാടുകളിൽ പെട്ടന്ന് തളർന്നു പോകുന്നവരുമാണ് ഇവർ. നല്ല സൗന്ദര്യ ബോധമുള്ളവരായിരിക്കും കാർത്തിക നക്ഷത്രക്കാർ .എല്ലാ കാര്യങ്ങളും ഭംഗിയായി അടുക്കും ചിട്ടയോടും കൂടി ചെയ്യുവാൻ ഇവർക്കു സാധിക്കും. കാർത്തിക നക്ഷത്രക്കാർ പൊതുവേ നല്ല കലാവാസനയുള്ളവർ ആയിരിക്കും . നല്ല ആസ്വാദന ഹൃദയത്തോടു കൂടിയവരുമായിരിക്കും. സ്വന്തമായി ഒരു കാര്യം തുടങ്ങി വയ്ക്കുവാനുള്ള കഴിവ് കുറവാണെങ്കിലും മറ്റൊരാൾ തുടങ്ങി വച്ച കാര്യം അതിന്റെ എല്ലാ പൂർണതയോടും കൂടി ഭംഗിയായി ചെയ്തു തീർക്കാൻ ഇവർക്ക് പ്രത്യേക കഴിവുണ്ട്. വിട്ടു വീഴ്ചാ മനോഭാവം ധാരാളമായി കാണുന്ന ഇവർ മറ്റുള്ളവരുടെ മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കും. ഇവരുടെ മനസ്സ് എപ്പോഴും ചഞ്ചലമായിക്കൊണ്ടിരിക്കും. ആഡംബര വസ്തുക്കളോട് ഭ്രമം ഉണ്ടാവും. അഭിമാനബോധം കുറച്ചു കൂടുതലായ ഇവർ ചില നേരങ്ങളിൽ ദുരഭിമാനികളായി മാറുന്നത് കാണാം. പിതാവിനേക്കാൾ മാതാവിനോടായിരിക്കും ഇവർക്ക് പ്രിയം. വിവാഹം നടക്കുവാൻ പ്രയാസം നേരിടേണ്ടുന്ന ഒരു നാളല്ല കാർത്തിക. താരതമ്യേന കുറഞ്ഞ പ്രായത്തിൽ തന്നെ വിവാഹം നടക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. നിർബന്ധബുദ്ധിയും കോപവും കൂടുതലുള്ള ഇവർ ലൈംഗികാസക്തി ഉള്ളവരായിരിക്കും. ആഗ്രഹങ്ങളെ പുറത്തു കാണിക്കാതെ നടക്കുന്നവരായിരിക്കും ഇവർ. തൊണ്ട, ശ്വാസകോശം, ഉദര സംബന്ധമായ രോഗങ്ങൾ ബാധിച്ചേക്കാം. പന്ത്രണ്ടു വയസ്സു മുതൽ 19 വയസ്സു വരെയുള്ള കാലങ്ങൾ ഗുണവും ദോഷവും ഇടവിട്ട് സംഭവിച്ചു കൊണ്ടിരിക്കും. എന്നാൽ 20 വയസ്സിനും 38 വയസ്സിനും ഇടയ്ക്കുള്ള കാലഘട്ടം സമ്പൽ സമൃദ്ധിയുടേതായിരിക്കും. തുടർന്ന് വരുന്നത് ഗുണദോഷ സമ്മിശ്രമായ കാലഘട്ടമായിരിക്കും. പ്രഭാഷകൻ, അഭിഭാഷകൻ, ബിസിനസ്, കല എന്നിവയായിരിക്കും ഇവർക്ക് തിളങ്ങാൻ സാധിക്കുന്ന കർമ്മ മണ്ഡലങ്ങൾ. മകയിരം, പുണർതം, ആയില്യം എന്നിവ ഇവർക്ക് പ്രതികൂലമായ നക്ഷത്രങ്ങളാണ്. കാർത്തിക സ്ത്രീ നക്ഷത്രമാണ്. ശിവഭജനവും ആദിത്യഭജനവും കാർത്തിക നക്ഷത്രക്കാർക്ക് ഉത്തമമാണ്.. ഗണം അസുരനാണ്.ഭൂതം-പൃഥി, ദേവത-ബ്രഹ്മാവ്, മൃഗം-ആട്, വൃക്ഷം-അത്തി, പക്ഷി – പുള്ള്.

You must be logged in to post a comment Login