നിസ്സാര അശ്രദ്ധമൂലം നിരപരാധികളായ അനേകം ആളുകളുടെ ജീവന്‍ റോഡില്‍ നഷ്ടപ്പെടാറുണ്ട്… ഇത്തരം അശ്രദ്ധക്ക് പരിഹാരമാകാന്‍ ഒരു ബോധവത്ക്കരണമെന്ന നിലയ്ക്കാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ കൂടിയായ ജോബി ചുവന്നമണ്ണ് തിരക്ക് എന്ന ഹൃസ്വചിത്രം ഒരുക്കിയത്… ചിത്രത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷമിട്ട് തൃശൂര്‍ വെസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സലീഷ് എന്‍ ശങ്കരന്‍ ശ്രദ്ധനേടി.. സീബ്രലൈന്‍ പ്രധാന പശ്ചാത്തലമാക്കി 2 മിനിറ്റ് ദൈര്‍ഖ്യമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകംതന്നെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു..
ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ അഭിനേതാക്കളാക്കി പതിനഞ്ചിലേറെ ടെലിഫിലിമുകളും ഡോക്യുമെന്ററികളും നിര്‍മ്മിച്ചിട്ടുണ്ട് തൃശൂര്‍ സ്വദേശിയായ ജോബി ചുവന്നമണ്ണ്.. കൂടുതലും സാമൂഹിക പ്രതിബദ്ധതയുള്ള സന്ദേശങ്ങള്‍ അടങ്ങിയവയാണ്.. ട്രാഫിക് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട തിരക്ക് എന്ന് പേരിട്ട ഈ ചിത്രവും പ്രേക്ഷക ഹൃദയങ്ങള്‍ കവര്‍ന്നുകഴിഞ്ഞു..
തന്റെ സിനിമകള്‍ക്ക് നിര്‍മ്മാതാക്കള്‍ക്കുവേണ്ടി ഒരുപാട് അലഞ്ഞിട്ടുണ്ട് ജോബി.. ചിലര്‍ ചെറിയ സഹായം ചെയ്യാറുണ്ടെന്നും ജോബി സമ്മതിക്കുന്നു… 6 മാസമായി ഈ സിനിമയ്ക്കായി ഒരു നിര്‍മ്മാതാവിനെ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല.. പലരും ചെയ്യാമെന്ന് പറഞ്ഞെങ്കിലും കാര്യത്തോടടുത്തപ്പോള്‍ പിന്മാറി… ഒടുവില്‍ ആവശ്യമായ പണം സ്വയം സമ്പാദിക്കാന്‍ ഇറങ്ങിതിരിക്കുകയായിരുന്നു.. തൃശ്ശൂര്‍ ടൗണില്‍ ഓട്ടോ ഡ്രൈവറായ ജോബി രണ്ട് മാസത്തോളം രാവും പകലും ഓട്ടോ ഓടിച്ച് കിട്ടിയ പണം കൂട്ടിവെച്ചാണ് ഈ ചിത്രം നിര്‍മ്മിച്ചത്.. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ആയതിനാല്‍ സിനിമ കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിനായി തൃശൂര്‍ സിറ്റി പോലീസിന്റെ സഹായം തേടി.. കമ്മീഷണര്‍ യതീഷ് ചന്ദ്ര ഐപിഎസ് വളരെ വലിയ പിന്‍തുണയാണ് നല്‍കിയതെന്ന് ജോബി പറഞ്ഞു.. അദ്ദേഹമാണ് ചിത്രത്തിന്റെ സിഡി പ്രകാശനം നിര്‍വ്വഹിച്ചത്.. പോലീസില്‍ ജോലിക്ക് കയറും മുന്‍പ് വര്‍ഷങ്ങളോളം ഓട്ടോ ഡ്രൈവറായിരുന്ന ഇപ്പോഴത്തെ തൃശൂര്‍ വെസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സലീഷ് എന്‍ ശങ്കരന്‍ ചിത്രത്തില്‍ ഒരു ഓട്ടോ ഡ്രൈവറായി തന്നെ എത്തുന്നുണ്ടെന്നതും സവിശേഷതയാണ്…
കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കുമാര്‍ സേതു.. ശ്രദ്ധേയമായ മറ്റൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.. കഴിഞ്ഞ പ്രളയകാലത്ത് നാവികസേന രക്ഷിച്ച പൂര്‍ണ ഗര്‍ഭിണിയായ സജിതയും മകനും ചിത്രത്തില്‍ അഭിനേതാക്കളാണ്.. ഇവരോടൊപ്പം നജാസ് പ്ലേ സ്‌കൂളിലെ ആറോളം കുട്ടികളും അഭിനയിക്കുന്നു.. നിര്‍മ്മാണവും സംവിധാനവും ജോബി ചുവന്നമണ്ണ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് സലീഷ് എന്‍ ശങ്കരനാണ്.. ക്യാമറ നിഥിന്‍ തളിക്കുളവും എഡിറ്റിംഗ് ആനന്ദും നിര്‍വ്വഹിച്ചിരിക്കുന്നു.. സ്‌കൂളുകള്‍, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, തിയേറ്ററുകള്‍ എന്നിവ വഴി പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം.. ഇതിനകം തന്നെ കേരള പോലീസിന്റെ വിവിധ വെബ്‌സൈറ്റുകള്‍വഴി ലക്ഷക്കണക്കിന് ആളുകള്‍ തിരക്ക് എന്ന ഈ ഹൃസ്വചിത്രം കണ്ടുകഴിഞ്ഞു….

You must be logged in to post a comment Login