നാല് മാധ്യമ പ്രവര്‍ത്തകര്‍ക്ക് യമനില്‍ വധ ശിക്ഷ വിധിച്ചു

0
94

സന്‍ആ: നാല് മാധ്യമ പ്രവര്‍ത്തകര്‍ക്ക് യമനില്‍ വധ ശിക്ഷ വിധിച്ചു. വിമത വിഭാഗമായ ഹൂതികള്‍ ആണ് വധശിക്ഷ വിധിച്ചത്. മാധ്യമ പ്രവര്‍ത്തകരായ അബ്ദുല്‍ ഖാലിഖ് ഉംറാന്‍, അക്രം അല്‍ വലീദി, ഹരീത് ഹമീദ്, തൗഫീഖ് അല്‍ മന്‍സൂരി എന്നിവര്‍ക്കെതിരെയാണ്‌ ഹൂതി കോടതി വധ ശിക്ഷ വിധിച്ചത്. ഇറാന്‍ പിന്തുണയുള്ള ഹൂതി മലീഷികള്‍ക്ക് കീഴിലുള്ള കോടതിയാണ് രാജ്യദ്രോഹം, ചാരപ്രവര്‍ത്തനം എന്നീ കുറ്റങ്ങള്‍ ചുമത്തി നാല് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വധ ശിക്ഷ വിധിച്ചത്.

ഹൂതികളുടെ നടപടിയെ ഔദ്യോഗിക ഗവൺമെൻ്റ് അപലപിച്ചു. മാധ്യമ വിചാരണയില്‍ 4 മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഹൂതി കോടതിയുടെ നിയമവിരുദ്ധ വധശിക്ഷയെ ശക്തമായി അപലപിക്കുന്നതായതും നീതിക്കും സമത്വത്തിനായും തങ്ങള്‍ നിലകൊള്ളുന്നുവെന്നും യമന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി മഹ്‌മര്‍ ബിന്‍ മത്വഹാര്‍ അല്‍ ഇര്‍യാനി പ്രസ്‌താവിച്ചു.

എല്ലാ തടവുകാരെയും മോചിപ്പിക്കാനും, വധശിക്ഷ അസാധുവാക്കാനും ഹൂതി മലീഷികളുടെ ക്യാംപുകളിൽ തടവിലാക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കാനും, എതിരാളികളുമായുള്ള രാഷ്ട്രീയ വൈരാഗ്യം പരിഹരിക്കുന്നതിന് ജുഡീഷ്യറിയെ ഉപയോഗിക്കുന്നതിനെ അപലപിക്കാനും അന്താരാഷ്ട്ര സമൂഹം, യു എന്‍ സെക്രട്ടറി ജനറല്‍, പത്രപ്രവര്‍ത്തക സംരക്ഷണ സംഘടനകള്‍ എന്നിവര്‍ രംഗത്തെത്തണമെന്നും അദ്ദേഹം ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

ആറു വര്‍ഷങ്ങള്‍ക്ക് മുൻമ്പാണ്പത്ത് മാധ്യമ പ്രവര്‍ത്തകരെ ഹൂതികള്‍ യമന്‍ തലസ്ഥാന നഗരിയായ സന്‍ആ നഗരി കീഴ്‌പ്പെടുത്തുന്ന തുടക്കത്തില്‍ തട്ടിക്കൊണ്ടു പോയത്. ഇവരില്‍ നാല് പേര്‍ക്കാണ് ഇപ്പോള്‍ വധശിക്ഷ വിധിച്ചിരിക്കുന്നത്. മറ്റു ആറു പേര്‍ക്ക് ജയില്‍ ശിക്ഷയാണ് ഹൂതി കോടതി വിധിച്ചിരിക്കുന്നത്. നിലവില്‍ യമനില്‍ യുദ്ധത്തിലേര്‍പ്പെട്ട അറബ് സഖ്യ സേന കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.