ബംഗലൂരു: സർക്കാർ 2007ൽ നിരോധിച്ച ഡാൻസ് ബാറുകൾ ബംഗലൂരുവിൽ പലയിടങ്ങളിലും ഇന്നും രഹസ്യമായി പ്രവർത്തിക്കുന്നുണ്ട്. പെൺവാണിഭവും രാസലഹരിയുടെ വിൽപനയുമാണ് ഈകേന്ദ്രങ്ങളിൽ നടക്കുന്നതെന്ന് ഞങ്ങളുടെ ഒളി ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമായി. മലയാളികൾ ഉൾപെടെ സ്ഥിരമായി എത്തുന്ന ഈ ഡാൻസ് ബാറുകൾ പൊലീസിന് കൈക്കൂലി നൽകിയാണ് പ്രവർത്തിക്കുന്നത് എന്ന് ഇടനിലക്കാരൻ വെളിപ്പെടുത്തുന്നു.
ബംഗലൂരുവിലെ ഐടി ഹബായ ഇലക്ട്രോണിക് സിറ്റിക്ക് സമീപം അനേക്കല്‍ ഗ്രീന്‍വാലി റിസോര്‍ട്ടിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിലെ ലഹരിപാർട്ടിക്കിടെയാണ് യുവാക്കൾ പരക്കം പാഞ്ഞിരുന്നു. ഉഗ്രം എന്ന ആപ് വഴി സംഘടിപ്പിച്ച വൻ നിശാ പാര്‍ട്ടിയിൽ നാല് മലയാളി യുവതികളടക്കം ഒൻപത് സ്ത്രീകൾ പങ്കെടുത്തിരുന്നു. വാർത്തയും പുകിലും കെട്ടടങ്ങിയതോടെ അന്വേഷണസംഘത്തിന് ആവേശം കെട്ടു. അതിനൊരുകാരണമുണ്ട്, ജെഡിഎസ് നേതാവും എംഎൽഎയുമായ ശ്രീനിവാസ് ആയിരുന്നു ഈ റിസോർട്ടിന്റെ ഉടമ.
വർഷങ്ങൾക്ക് മുമ്പേ നിരോധിച്ചതാണെങ്കിലും ഡാൻസ് ബാറുകൾ അതീവ രഹസ്യമായി ബംഗലൂരുവിൽ പ്രവർത്തിക്കുന്നുണ്ട്. ഇത് സാധ്യമാകുന്നത് എങ്ങനെയെന്നറിയാനാണ് ബംഗലൂരുവിന്റെ രാത്രിയിലേക്ക് ഞങ്ങള് ഇറങ്ങിയത്. 1000 രൂപ തന്നാൽ രാസലഹരിയും പെൺവാണിഭവും നടക്കുന്ന ഈ കേന്ദ്രത്തിലെത്തിക്കാമെന്ന് പറഞ്ഞ് ഒരു ഇടനിലക്കാരൻ ഞങ്ങളെ മുട്ടി.
ഓട്ടോയിൽ എംജിറോഡിലെ വെളിച്ചം മങ്ങിയ ഒരു സ്ഥലത്തേക്ക് ഞങ്ങളെ അയാൾ കൊണ്ടുപോയി. കുറച്ചുപേർ കൂടിനിൽക്കുന്നു. പുറമേക്ക് ഷട്ടറിട്ട് പൂട്ടിയ ബഹുനില കെട്ടിടത്തിനുള്ളിലാണ് ഡാൻസ് ബാറ്. ഒരാൾക്ക് 1000 രൂപ വീതം നൽകി കൈയിൽ സീൽ പതിപ്പിച്ച് ദേഹപരിശോധന നടത്തി അകത്തേക്ക് കടത്തിവിടുന്നു. പിന്നീട് പൂർണ്ണ നിയന്ത്രണം ബൗൺസർമാർക്കാണ്. പലവഴികളിൽ രാവണൻ കോട്ട കണക്കെ അകത്തളം. നൂറിലധികം സ്ത്രീകളെ അണിയിച്ചൊരുക്കി ആവശ്യക്കാർക്ക് മുന്നിൽ നിർത്തിയിരിക്കുന്നു. വാച്ചിലൊളിപ്പിച്ച കുഞ്ഞൻ ക്യാമറയിൽ ഞങ്ങൾ കാഴ്ചകൾ പകർത്തി.
