അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ഹനോവറിലെ ഗ്രെറ്റി സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ യുവതി മനഃപൂര്‍വം ഭക്ഷണസാധനങ്ങള്‍ക്കു മേല്‍ ചുമച്ചു തുപ്പിയതിനെ തുടര്‍ന്ന് നശിപ്പിക്കേണ്ടിവന്നത് 35,000 ഡോളറിന്റെ ഭക്ഷ്യവസ്തുക്കള്‍. കോവിഡ് രോഗഭീതി നിലനില്‍ക്കെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച യുവതിക്കെതിരെ ക്രിമിനല്‍ കേസെടുത്തു.
സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ യുവതി ബേക്കറി, മാംസ ഉല്‍പന്നങ്ങള്‍ തുടങ്ങിയവക്ക് മേല്‍ ചുമച്ചു തുപ്പുകയായിരുന്നു. ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ കുറിച്ചത് സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉടമ തന്നെയാണ്. യുവതിയുടെ ഈ പ്രവൃത്തി ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ അവരെ ഉടന്‍ തന്നെ കടയ്ക്കു പുറത്താക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് അവരെ കണ്ടെത്തി കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്കു കൊറോണ വൈറസ് ബാധയുണ്ടോയെന്ന് വ്യക്തമായിട്ടില്ല. പൊലീസ് കൃത്യമായ പരിശോധന നടത്തുമെന്നു അറിയിച്ചു.
നിരീക്ഷണ ക്യാമറയിൽ നിന്നും യുവതി കടയില്‍ സഞ്ചരിച്ച വഴികളെല്ലാം കൃത്യമായി കണ്ടെത്തി അവര്‍ ചുമച്ചു തുപ്പിയ വസ്തുക്കളെല്ലാം ഉടന്‍ തന്നെ നശിപ്പിച്ചു കളയാനും കട അണുവിമുക്തമാക്കാനും തീരുമാനിക്കുകയായിരുന്നു. മനഃപൂര്‍വം രോഗം പടര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഭീകരവാദ കുറ്റം ചുമത്തുമെന്ന് നീതിന്യായ വകുപ്പ് ഇതിനോടകം അറിയിച്ചിട്ടുണ്ട്.

You must be logged in to post a comment Login