മുന്നറിയിപ്പ് : വീട്ടില്‍ക്കയറി കണ്ണില്‍ മണ്ണെറിഞ്ഞു ആഭരണം തട്ടുന്നു , സ്ത്രീകള്‍ ജാഗ്രത പാലിക്കുക !

0
121

 

വീട്ടിൽ സ്ത്രീകള്‍ മാത്രമുള്ള തക്കം നോക്കി മോഷണശ്രമങ്ങൾ പെരുകുന്നു. കണ്ണിൽ മണ്ണെറിഞ്ഞാണ് മോഷ്ടിക്കുന്നത്.

മമ്മിയൂർ മോഷണം നടന്നതിങ്ങനെ  :

ടെലിവിഷനില്‍ ക്രിക്കറ്റ് കാണുകയായിരുന്നു ഗുരുവായൂര്‍ മമ്മിയൂര്‍ സ്വദേശിയായ ജ്യോതി. മുന്‍വശത്തെ വാതില്‍ കുറ്റിയിട്ടിരുന്നില്ല. അര മണിക്കൂര്‍ കഴിഞ്ഞു പരീക്ഷയ്ക്കു പോയ മകള്‍ വരും. വാതില്‍ കുറ്റിയിടാതിരുന്നത് അതുകൊണ്ടാണ് . ആരോ കോളിങ് ബെല്‍ അടിച്ചു. ആരാണ് ബെല്‍ അടിച്ചതെന്നു നോക്കാന്‍ ജ്യോതി കസേരയില്‍ നിന്ന് എണീറ്റു. വാതിലിന്‍റെ അടുത്ത് എത്തിയപ്പോളേക്കും വാതിലിന്റെ ഒരു ഭാഗം തുറന്ന് ചോദ്യം. ‘‘ചേട്ടന്‍ ഇല്ലേ വീട്ടില്‍’’. ജോലിക്കു പോയെന്നു മറുപടി പറഞ്ഞ ഉടനെ മുഖത്തേക്ക് എന്തോ എറിഞ്ഞു.
മുഖം ചരിച്ചതിനാല്‍ കണ്ണില്‍ പോയില്ല. മണ്ണായിരുന്നു എറിഞ്ഞത്. തൊട്ടുപിന്നാലെ, അക്രമി വീടിനകത്തു കയറി. കഴുത്തില്‍ അണിഞ്ഞ മാല പൊട്ടിക്കാന്‍ നോക്കി. ജ്യോതി മാല വിട്ടുകൊടുത്തില്ല. പിടിവലിയായി. കഴുത്തിനു പിടിച്ചു തള്ളി മോഷ്ടാവ് മാല പൊട്ടിച്ചെടുക്കാന്‍ ശ്രമം തുടര്‍ന്നു.
വീട്ടമ്മയെ ഇതിനിടെ തള്ളി താഴെയിട്ടു. മോഷ്ടാവ് മാലയുടെ ഒരു ഭാഗം കൈക്കലാക്കി പുറത്തു കടന്നു. പിന്നാലെ, വീട്ടമ്മയും പുറത്തേയ്ക്കെത്തി. വണ്ടിയുടെ നമ്പര്‍ നോക്കാൻ ശ്രമിച്ചെങ്കിലും ബൈക്കിനു നമ്പര്‍ പ്ലേറ്റില്ലായിരുന്നു.
ഭര്‍ത്താവ് ശ്രീകുമാറിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. പിന്നാലെ, നാലു ജീപ്പ് പൊലീസ് എത്തി. എല്ലാ വഴികളിലും പൊലീസ് പാഞ്ഞെങ്കിലും മോഷ്ടാവിനെ കിട്ടിയില്ല. ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട്. മുഖത്ത് തൂവാല കെട്ടിയിട്ടുണ്ട്. കറുത്ത നിറമാണ് ഹെല്‍മറ്റിന്. ഗ്ലാസില്ല. ജീന്‍സും ടീ ഷര്‍ട്ടുമായിരുന്നു വേഷം.

മമ്മിയൂര്‍ താമരയൂര്‍ മേഖലയില്‍ കഴിഞ്ഞ ജനുവരി 25നും സമാനമായ സംഭവമുണ്ടായിരുന്നു . ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന എണ്‍പത്തിയൊന്നുകാരിയാണ് അന്ന് ആക്രമിക്കപ്പെട്ടത്. ആക്രമി മാല പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാര്‍ എത്തിയ ഉടനെ മോഷ്ടാവ് രക്ഷപ്പെട്ടു. തമ്പുരാന്‍പടി ഐശ്വര്യനഗറില്‍ വച്ച് കുട്ടിയുമായി നടന്നു വരികയായിരുന്ന യുവതിയുടെ മാല പൊട്ടിക്കാനും ശ്രമം നടന്നിരുന്നു.
മോഷ്ടാവ് രക്ഷപ്പെട്ടത് യുവതിയെ വഴിയരികിലെ സ്ലാബിനു മുകളിലേക്ക് തള്ളിയിട്ടാണ് .
നടുറോഡില്‍ വച്ചുണ്ടായ രണ്ടു ശ്രമങ്ങളും പാഴായ കാരണമാകണം വീടിനകത്തു കയറി മൂന്നാം തവണ ഓപ്പറേഷന്‍ നടത്താൻ ശ്രമിച്ചത് എന്നാണ് പോലീസ് നിഗമനം .

പൊലീസിന്റെ മുന്നറിയിപ്പ് –  ബൈക്കില്‍ എത്തി മാല പൊട്ടിക്കുന്നത് പതിവായതിനാല്‍ റോഡിലൂടെ നടന്നു പോകുമ്പോഴും വീട്ടിലിരിക്കുകയാണെങ്കിലും സ്ത്രീകള്‍ ജാഗ്രത പാലിക്കണമെന്നാണ് . വാതില്‍ കുറ്റിയിട്ടില്ലെങ്കില്‍ വീടിനകത്തു കയറിയും ഇക്കൂട്ടര്‍ മാല പൊട്ടിക്കും. ഇത്തരം മാല പൊട്ടിക്കല്‍ സംഘങ്ങള്‍ പകല്‍ സമയത്താണ് കൂടുതലും ജോലിക്കിറങ്ങുന്നത്. കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുന്ന സംഘങ്ങള്‍ മാല പൊട്ടിക്കാന്‍ ഇറങ്ങുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്