സ്ത്രീകളുടെ ശ്രദ്ധയ്ക്ക് : സ്തനാർബുദം വരാനുള്ള 4 കാരണങ്ങൾ

0
210

വിവിധ തരം അർബുദ ബാധകളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രോ​ഗമാണ് സ്തനാർബുദം. ഒന്നാം സ്ഥാനത്ത് ശ്വാസകോശാർബു​​ദമാണ്. സ്ത്രീകളിൽ കൂടുതലായും കണ്ടു വരുന്നുണ്ടെങ്കിലും പുരുഷൻമാരിലും ഈ രോ​ഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ക്യാൻസർ മൂലം ഉള്ള സ്ത്രീകളുടെ മരണത്തിൽ തന്നെ ശതമാന കണക്കിൽ നോക്കുമ്പോൾ 15 ശതമാനത്തിൽ അധികവും സ്തനാർബുദം മൂലമുള്ള മരണമാണ്. ഇതാകട്ടെ മൊത്തം ക്യാൻസർ മരണ നിരക്കിന്റെ 1 ശതമാനത്തോളം വരുന്നു. തുടക്കത്തിലേ തന്നെ രോ​ഗനിർണയം നടത്താൻ സാധിക്കാതെ വരുന്നതാണ് സ്തനാർബുദത്തെ ഇത്രഭീകരമാക്കുന്നത്. ഇന്ത്യയിലെ കണക്കുകളിൽ 90 ശതമാനം സ്തനാർബുദ രോ​ഗികളും മൂന്നും നാലും ഘട്ടത്തിൽ മാത്രം രോ​ഗ നിർണയം നടത്തി ചികിത്സ തേടുന്നവരാണ്. നാണക്കേടും ജീവിത സാ​ഹചര്യങ്ങളും മൂലം ഡോക്ടറെ സമീപിക്കാത്ത സ്ത്രീകളും ഇതിൽപ്പെടും. ആർത്തവവിരാമം സംഭവിച്ചവർക്കാണ് സ്താനാർബുദം വരികയുള്ളൂ എന്ന ധാരണ പൂർണമായും തെറ്റാണ്. 35 നും 55 നും ഇടയിൽ പ്രായമുള്ളവർക്കാണ് രോ​ഗം വരുവാനുള്ള കൂടുതൽ സാധ്യതകൾ. സ്തനങ്ങളുടെ വളർച്ച ഏറ്റവും കൂടുതൽ നടക്കുന്നത് കൗമാര പ്രായക്കാരിലായതുകൊണ്ടു തന്നെ ഈ പ്രായത്തില്‍  ഒന്നു ശ്രദ്ധിച്ചാൽ ഒരു പരിധിവരെ രോ​ഗത്തെ അകറ്റി നിർത്താൻ സാധിക്കും കൃത്യമായ വ്യായാമം, ആരോ​ഗ്യപരമായ ഭക്ഷണ രീതി, മദ്യപാനം പുകവലി എന്നിവയുടെ ഉപയോ​ഗം വർജിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ സ്തനാർബുദത്തെ ഒഴിവാക്കാവുന്നതാണ്. ലോകാരോ​ഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം വർഷം തോറും 21 ലക്ഷത്തോളം സ്ത്രീകൾ സ്താനാർബുദ രോ​ഗ ബാധിതരാകുന്നുണ്ട്. 2018 -ൽ മാത്രം 627,000 സ്ത്രീകൾ സ്തനാർബുദം മൂലം മരണപ്പെട്ടു എന്ന ഞെട്ടിക്കുന്ന കണക്കും WHO പുറത്തു വിട്ടിരുന്നു.

ഇനി സ്തനാർബുദ രോ​ഗ കാരണങ്ങൾ നോക്കാം
1. പാരമ്പര്യം
അമ്മ, സഹോദരി തുടങ്ങി അടുത്ത രക്ത ബന്ധമുള്ളവരിൽ രോ​ഗം നിർണയിക്കപ്പെട്ടിട്ടുണ്ടെങ്കിൽ നിങ്ങൾക്കും രോ​ഗ സാധ്യതയുണ്ട്.
2. ഗർഭനിരോധന ​ഗുളികകളുടെ ഉപയോ​ഗം
ഹോർമോൺ ​ഗുളികകൾ, ​ഗർഭനിരോധന ​ഗുളികകൾ, ആർത്തവം നീട്ടിവെയ്ക്കാനുള്ള ​ഗുളികകൾ തുടങ്ങിയവ കഴിക്കുന്നവരിൽ രോ​ഗ സാധ്യതയുണ്ട്. ഈ ​ഗുളികകളിൽ ഈസ്ട്രജന്റെ അളവ് കൂടുതൽ ഉള്ളതാണ് കാരണം.
3. വൈകിയുള്ള ഭക്ഷണം
വൈകിയുള്ള ഭക്ഷണം സ്തനാർബുദ സാധ്യത കൂട്ടുമെന്ന് പഠനങ്ങൾ പറയുന്നു. വൈകി ഭക്ഷണം കഴിക്കുന്നത് ഇൻസുലിന്റെ അളവിനെ കൂട്ടുകയും ഇത് സ്തനത്തിന്റെ ആരോ​ഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു
4. പൊണ്ണത്തടി, മദ്യപാനം
പൊണ്ണത്തടിയുള്ളവരിൽ സ്തനാർബുദ സാധ്യത കൂടുതലാണ്. ബി.എം.ജെ ഓപ്പൺ ജേണലിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ പ്രകാരം 20 വയസ്സുമുതൽ 60 വയസ്സുവരെ എത്തുമ്പോൾ അരവണ്ണം പരിധിയിലധികം കൂടുന്നുവെങ്കിൽ 33 ശതമാനം സാധ്യതയുണ്ട് സ്താനാർബുദത്തിന് എന്നാണ്. ആൽക്കഹോളിന്റെ ഉപയോ​ഗം കൂടുതൽ ഉള്ളവരിൽ മദ്യപിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് ഒന്നര ഇരട്ടി സാധ്യതയും ഉണ്ട്.

രോ​ഗ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
1. വേദനയോടു കൂടിയതോ അല്ലാതെയോ ഉള്ള പല വലിപ്പത്തിലുള്ള മുഴകൾ കല്ലിപ്പ് മുതലായവ
2. സ്തനത്തിന്റെ ആകൃതിയിൽ വരുന്ന മാറ്റങ്ങൾ
3. ചുവപ്പു കളറിലോ ഓറഞ്ചു കളറിലോ ഉള്ള പാടുകൾ, കുത്തുകൾ, തിണർപ്പുകൾ മുതലായവ
4. മുലക്കണ്ണ് അകത്തേയ്ക്ക് പൂർണമായും വലിഞ്ഞിരിക്കുന്ന അവസ്ഥ.
5. രക്തമയമുള്ളതോ കളറില്ലാത്തതോ ആയ സ്രവങ്ങൾ വരിക
6. ആർത്തവത്തോട് അനുബന്ധിച്ച് അല്ലാതെ സ്തനങ്ങളിൽ വരുന്ന വേദന
ഇതിൽ തന്നെ എല്ലാ മുഴകളും ക്യാൻസർ ആയിരിക്കണമെന്നില്ല. ആർത്തവത്തോട് അനുബന്ധിച്ച് സ്തനങ്ങളിൽ വരുന്ന കല്ലിപ്പ് രോ​ഗലക്ഷണമല്ല. 20 വയസ്സിനും 40 വയസ്സിനും ഇടയിൽ സ്തനങ്ങളിൽ വരുന്ന തെന്നി മാറുന്ന മുഴകളും പാലൂട്ടുന്ന അമ്മമാരിൽ കണ്ടു വരുന്ന സ്തനങ്ങളിലെ കല്ലിപ്പും അർബുദ ബാധയുടെ ലക്ഷണങ്ങൾ അല്ല.