അതിഥി തൊഴിലാളിയായ യുവതിക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ സുഖപ്രസവം

0
67

തിരുവനന്തപുരം: അതിഥി തൊഴിലാളിയായ യുവതിക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ സുഖപ്രസവം. കനിവ് 108 ആംബുലന്‍സിനുള്ളിലാണ് യുവതി പ്രസവിച്ചത്. മധ്യപ്രദേശ് ലംസാര സ്വദേശിയും ഇടുക്കി രാജാക്കാട് ആനപ്പാറ താമസവുമായ ടീകാമിന്റെ ഭാര്യ ഹേമാവതി (31) ആണ് ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

അടിമാലിയുള്ള താലൂക്ക് ആശുപത്രിയില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച രാത്രി 10.30-നാണ് സംഭവം. ഹേമാവതിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പ്രദേശത്തെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ ബന്ധപ്പെടുകയും തുടര്‍ന്ന് ഇവര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയുമായിരുന്നു.

എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആഷ്‌ലി ജോസഫ് നടത്തിയ പരിശോധനയില്‍ ഹേമാവതി തീരെ അവശയാണെന്നും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്നും മനസിലാക്കി. തുടര്‍ന്ന് ഇതിനു വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി യുവതിയെ ആംബുലന്‍സിലേക്ക് മാറ്റുകയും ചെയ്തു.

എന്നാൽ യാത്രാമധ്യേ രാജാക്കാട് എത്തുമ്പോഴേക്കും ഹേമാവതിയുടെ ആരോഗ്യനില കൂടുതല്‍ വഷളാകുകയും സമീപത്ത് കണ്ട ഒരു ക്ലിനിക്കിലേക്ക് ആംബുലന്‍സ് കയറ്റുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍ എത്തുന്നതിന് മുന്‍പ് തന്നെ യുവതി ആംബുലന്‍സിനുള്ളില്‍ പ്രസവിക്കുകയിരുന്നു.

തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ഡോ. ജയചന്ദ്രന്‍ അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി ഇവരെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

സ്നേഹ വിനോദ്