ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യന്‍ ദ്വീപായ ബാലിയില്‍ ഈന്തപ്പഴത്തില്‍ നിന്നുള്ള വീഞ്ഞിനെ സാനിറ്റൈസറാക്കി. കൊറോണയെ തുടര്‍ന്ന് സാനിറ്റൈസറിന് നേരിട്ട ക്ഷാമം മൂലമാണ് ഇത്തരത്തിലൊരു പരീക്ഷണം. 10000 ബോട്ടില്‍ സാനിറ്റൈസറാണ് ഇത്തരത്തില്‍ നിര്‍മിച്ചത്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് പലയിടത്തും ഹാന്‍ഡ് സാനിറ്റൈസറിനും മാസ്‌കുകള്‍ക്കുമെല്ലാം ദൗര്‍ലഭ്യം നേരിട്ട സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പരീക്ഷണം.
ബാലി പോലീസ് മേധാവിയുടെ ആശയമാണ് ഇത്തരത്തിലൊരു പരീക്ഷണത്തിന് വഴിതെളിച്ചത്. അരാക്ക് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന വീഞ്ഞ് 4000 ലിറ്റര്‍ അദ്ദേഹം ശേഖരിച്ചു. ഇതിനായി പ്രാദേശിക വീഞ്ഞ് നിര്‍മാതാക്കളോട് അവരുടെ ശേഖരത്തില്‍ നിന്ന് സംഭാവന ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. മദ്യം വാങ്ങുന്നതിനായി സേനയില്‍ നിന്നും പണം സ്വരൂപിച്ചു. വീഞ്ഞ് സാനിറ്റൈസറായി മാറ്റാന്‍ ബാലിയിലെ ഉദയാന സര്‍വകലാശാലയെ ചുമതലപ്പെടുത്തി. ഒരാഴ്ചയ്ക്കുള്ളില്‍ ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി 96 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉത്പാദിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. കൈകള്‍ക്ക് ഉണ്ടാകുന്ന അസ്വസ്ഥത ഒഴിവാക്കാന്‍ ഗ്രാമ്പു, പുതിന മിശ്രിതവും ചേര്‍ത്തു.
സാനിറ്റൈസറുകള്‍ വന്‍തോതില്‍ വിറ്റഴിയാന്‍ തുടങ്ങിയതോടെ ലോകത്ത് എല്ലായിടത്തും സാനിറ്റൈസറിന് വില വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങി. കേരളത്തിലും പോലീസിന്റെ നേതൃത്വത്തില്‍ സാനിറ്റൈസറുകള്‍ നിര്‍മ്മിച്ചിരുന്നു. പൂഴ്ത്തിവയ്പ്പും വിലവര്‍ദ്ധിപ്പിക്കലും ആയതോടെ ഒടുക്കം കേരളത്തില്‍ സര്‍ക്കാര്‍ തന്നെ വിലനിശ്ചയിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

You must be logged in to post a comment Login