ഭാര്യയുമായുള്ള കലഹത്തെ തുടർന്ന് മകനെ കൊല്ലാൻ ശ്രമം, പിഞ്ചുമകളെ ടാങ്കിൽ മുക്കിക്കൊന്നു !

0
105

 

ഭാര്യയുമായുണ്ടായ കലഹത്തെ തുടർന്ന് യുവാവ് മൂന്നു വയസ്സുള്ള മകളെ ടാങ്കിലെ വെള്ളത്തിൽ മുക്കി കൊന്നു. ആറു വയസ്സുകാരനായ മകനെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പണയം വച്ച ആഭരണം തിരികെ എടുത്തു കൊടുക്കാത്തതിനെച്ചൊല്ലിയുണ്ടായ വഴക്കിനെത്തുടർന്നാണു ഈ കൊടും ക്രൂരത.

അഞ്ചുഗ്രാമത്തിനു സമീപമുള്ള മയിലാടി മാർത്താണ്ഡപുരം സ്വദേശി ചെന്തിൽകുമാറാണു ഭാര്യ രാമലക്ഷ്മിയുമായുള്ള വഴക്കിനെത്തെത്തുടർന്ന് എൽകെജി വിദ്യാർഥിനിയായ സഞ്ചനയെ കൊലപ്പെടുത്തിയത്. ആശുപത്രിയിലുള്ളത് മകൻ ശ്യാം സുന്ദറാണ് . ബാങ്കിൽ ഒന്നര ലക്ഷം രൂപയ്ക്കു പണയം വച്ച ആഭരണങ്ങൾ തിരിച്ചെടുത്ത് തരാത്തതിനെച്ചൊല്ലി ദമ്പതികൾ തമ്മിൽ വഴക്കുണ്ടാകുകയും തുടർന്ന് ചെന്തിൽകുമാർ പുറത്തേക്കു പോകുകയും ചെയ്തു. കുറച്ചുകഴിഞ്ഞാണു സമീപത്തെ ബന്ധുവീടിനു മുന്നിൽ കയർ കഴുത്തിൽ മുറുകിയ നിലയിൽ മകനെ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. പൊലീസ് പറഞ്ഞത് ചെന്തിൽ കുമാർ മകനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് . മകനെ ബന്ധുവീട്ടിൽ നിന്നു ചെന്തിൽകുമാർ കൂട്ടിക്കൊണ്ടുപോകുന്നതു സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

നാഗർകോവിലിലുള്ള സ്വകാര്യ ആശുപത്രിയിലേക്കു അടിയന്തര ചികിൽസയ്ക്കായി മകനെ കൊണ്ടുപോയ രാമലക്ഷ്മി സമീപവാസികളോടു വീട്ടിലുള്ള മകളെ നോക്കണമെന്നു ഫോണിൽ വിളിച്ചു പറഞ്ഞു. എന്നാൽ സമീപവാസികളെത്തിയപ്പോളേക്കും ചെന്തിൽകുമാർ വീടു പൂട്ടി സ്ഥലം വിട്ടിരുന്നു. പരിഭ്രാന്തയായ രാമലക്ഷ്മി ആശുപത്രിയിൽ നിന്നെത്തി പിൻവാതിൽ തകർത്തു സമീപവാസികളുടെ സഹായത്തോടെ വീട്ടിനുള്ളിൽ കയറിയപ്പൊഴാണു സഞ്ചനയെ വെള്ളം നിറച്ച ടാങ്കിൽ മുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.