ബീജിംഗ്: കോവിഡിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ ഇറച്ചിക്കായി വളര്‍ത്താവുന്ന ജീവികളുടെ കരടു പട്ടിക പുറത്തു വിട്ട് സര്‍ക്കാര്‍. ഭക്ഷണാവശ്യങ്ങള്‍ക്കായി വളര്‍ത്താന്‍ പറ്റുന്ന ജീവികളുടെ പട്ടികയാണ് പുറത്തു വിട്ടിരിക്കുന്നത്. പട്ടികയില്‍ പട്ടികള്‍, കൊവിഡിന്റെ ഉറവിടം എന്ന് സംശയിക്കുന്ന വവ്വാലുകള്‍, വെരുക്, ഈനാംപേച്ചി എന്നീ മൃഗങ്ങളില്ല.
പന്നികള്‍, പശുക്കള്‍, ആട്, കോഴി എന്നിവയെയും പ്രത്യേകമായി മാനുകള്‍, ഒട്ടകപക്ഷി എന്നിവയെ ഇറച്ചി ആവശ്യത്തിനായി ഉപയോഗിക്കാം എന്നും കരട് പട്ടികയില്‍ പറയുന്നു. കുറുക്കന്‍മാരുടെ വര്‍ഗത്തില്‍ പെട്ട രണ്ടു തരം മൃഗങ്ങളെയും വളര്‍ത്താം. എന്നാല്‍ ഇവയെ ഭക്ഷണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത്.
ചൈനയില്‍ മുമ്പ് പട്ടികളുടെ ഇറച്ചി വ്യാപകമായി ഉപയോഗിക്കാറുണ്ടായിരുന്നു. പുതിയ കരടു പട്ടിക പ്രാവര്‍ത്തികമായാല്‍ പട്ടിയടക്കമുള്ള ജീവികളെ ചൈനീസ് മാര്‍ക്കറ്റില്‍ കശാപ്പ് ചെയ്യുന്നതിനെതിരെ ലോകമെമ്പാടുമുള്ള മൃഗസ്നേഹികള്‍ വര്‍ഷങ്ങളായി ഉയര്‍ത്തുന്ന പ്രതിഷേധവും ഫലം കാണും. എന്നാല്‍ പുതിയ കരടു പട്ടിക അന്തിമായിട്ടില്ല.
മെയ് 8 വരെ പട്ടികയെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം അറിയിക്കാന്‍ സമയമുണ്ട്. ഒപ്പം ജനുവരി 23 മുതല്‍ ചൈനയില്‍ വന്യജീവികളുടെ മാംസ വില്‍പ്പനയ്ക്ക് താല്‍ക്കാലിക നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.
ചെനയിലെ വുഹാന്‍ നഗരത്തിലാണ് ഡിസംബറില്‍ കൊവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഈ നഗരത്തിലെ മാംസശാലകളില്‍ നിന്നാണ് കൊറോണ വൈറസ് ഉത്ഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും സ്ഥിരീകരണമുണ്ടായിട്ടില്ല.

You must be logged in to post a comment Login