കോവിഡ് 19 ബാധിച്ച് എറണാകുളം കളമശ്ശേരിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചുള്ളിക്കൽ സ്വദേശി യാക്കൂബ് ഹുസൈൻ സേട്ട് അന്തരിച്ചു. 69 വയസ്സായിരുന്നു. മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ വെന്റിലേന്ററിന്റെ സഹായത്തിലായിരുന്നു യൂക്കൂബ് ഹുസൈൻ. ഇന്ന് രാവിലെ 8 മണിയോടു കൂടി മരിച്ചുവെന്ന് എറണാകുളം മെഡിക്കൽ കോളേജ് നോഡൽ ഓഫീസർ എ ഫത്താഹുദീൻ പറഞ്ഞു. അതേ സമയം മരിച്ച വ്യക്തിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു എന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു, എങ്കിലും രോഗിയെ രക്ഷിക്കാൻ കഴിവതും ശ്രമിച്ചുവെന്നും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നത് സ്ഥിതി വഷളാക്കുകയായിരുന്നു എന്നും മന്ത്രി പറഞ്ഞു. മരിച്ച വ്യക്തിക്ക് ഹൃദ്രോഗവും, ഉയർന്ന രക്ത സമ്മർദ്ദവും ഉണ്ടായിരുന്നു. ഇത് ചികിത്സയെ പ്രതികൂലമായ ബാധിച്ചു, ഇതേ സ്ഥിതിയിലൂടെ കടന്നു പോകുന്ന നാലു രോഗികൾ കൂടി കേരളത്തിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകില്ല. സംസ്കാര ചടങ്ങിൽ നാലുപേരെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ. ഭാര്യയെയും മറ്റ് ബന്ധുമിത്രാദികളെയും മൃതദേഹം വീഡിയോ കോളിലൂടെ കാണിച്ചു കൊടുക്കുകയാണ് ഉണ്ടായത്. മട്ടാഞ്ചേരി ലോബോ ജംഗ്ഷനു സമീപം കനച്ചി ഹനഫി മസ്ജിദിൽ ആണ് സംസ്കാരം നടക്കുക. കഴിഞ്ഞ മാസം 16 നാണ് ദുബായിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയത്. ഇദ്ദേഹത്തെ എയർപോട്ടിൽ നിന്നും എത്തിച്ച ഡ്രൈവറും ഭാര്യയും രോഗ ബാധിതരായി ചികിത്സയിൽ ആണ്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനത്തിലെ മറ്റു യാത്രക്കാരും താമസിച്ചിരുന്ന ഫ്ലാറ്റിലെ മറ്റാളുകളും നിരീക്ഷണത്തിൽ കഴിയുകയാണ്. ഇവരുടെ വീട്ടിൽ ജോലിക്ക് വന്നിരുന്ന സ്ത്രീയും നിരീക്ഷണത്തിലാണ്. ഇദ്ദേഹം രോഗ ബാധിതനായി ആശുപത്രിയിൽ ആയതിനു തൊട്ടുപിന്നാലെ തന്നെ ഫ്ലാറ്റും പരിസര പ്രദേശങ്ങളും അണുവിമുക്തമാക്കിയിരുന്നു.

You must be logged in to post a comment Login