കോവിഡ് പ്രതിരോധം : ആവശ്യമുള്ളതെല്ലാം ഒരുക്കി സർക്കാർ മുന്നിൽതന്നെയുണ്ട് !

0
98

ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്ത് ആരും ഭക്ഷണം ലഭിക്കാത്ത അവസ്ഥ വരാതിരിക്കാൻ ഇടപെടലുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ ഭക്ഷണം, മരുന്ന് തുടങ്ങിയ പ്രശ്‌നങ്ങളിൽ കണ്ടറിഞ്ഞുള്ള ഇടപെടലിന് അതിവിപുലമായ വികേന്ദ്രീകൃത സംവിധാനം ഒരുക്കും. അത് ഫലപ്രദമാക്കാൻ വാർഡുതല സമിതികൾ വരെയുണ്ടാകും. സന്നദ്ധപ്രവർത്തകരെ വാർഡുതലത്തിൽ വിന്യസിക്കും.
ഇതിനായി കൂടുതൽ സന്നദ്ധപ്രവർത്തകര കണ്ടെത്തുകയും ചെയ്യും. അവരെ നിലവിലുള്ള ആവശ്യത്തിനനുസരിച്ചുള്ള പ്രവർത്തനത്തിനാകും വിനിയോഗിക്കുക. ഏതെങ്കിലും സംഘടനയുടെ നിറം കാണിക്കാനോ മേൻമ കാണിക്കാനോ ഉള്ള സന്ദർഭമായി ഇതിനെ എടുക്കാൻ അനുവദിക്കില്ല.
ഓരോ പ്രദേശത്തും സ്വന്തമായി ഭക്ഷണം പാചകം ചെയ്യാനാകാത്തവർക്ക് ഭക്ഷണം എത്തിക്കാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുക്കണം. നാട്ടിൽ ചിലർ വിവിധകാരണങ്ങളാൽ സ്വന്തമായി ഭക്ഷണം പാചകം ചെയ്യാനാകാത്തവരാണ്. അത്തരക്കാർ പട്ടിണികിടക്കാൻ ഇടവരരുത്. അതിനായി കമ്യൂണിറ്റി കിച്ചൻ ഒരുക്കണം. ഓരോ തദ്ദേശസ്ഥാപനത്തിലുമുള്ള കമ്യൂണിറ്റി കിച്ചനിൽനിന്ന് പാചകം ചെയ്ത ഭക്ഷണം ഇത്തരം കുടുംബങ്ങൾക്ക് എത്തിക്കണം.
ഓരോ തദ്ദേശസ്ഥാപനവും എത്രപേർക്കാണ് ഭക്ഷണം എത്തിക്കേണ്ടത് എന്ന കൃത്യമായ കണക്ക് ശേഖരിക്കണം. പാചകക്കാരെ തദ്ദേശസ്ഥാപനം കണ്ടെത്തണം. വിതരണക്കാരെ അതതു സ്ഥലത്തെ പ്രായോഗികതയ്ക്കനുസരിച്ച് നിശ്ചയിക്കണം. അവർ കൃത്യമായ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണം. ഇത്തരം കുടുംബങ്ങൾക്ക് ഭക്ഷണം വേണമെങ്കിൽ ബന്ധപ്പെടാൻ ഒരു ടെലിഫോൺ നമ്പർ തദ്ദേശസ്ഥാപനങ്ങൾ ഏർപ്പെടുത്തണം.
മുൻഗണനാ ലിസ്റ്റിൽ പെട്ടവർക്ക് നേരത്തെതന്നെ നല്ല തോതിൽ അരി കൊടുക്കുന്നുണ്ട്. അത് തുടരുന്നതിനുപുറമെ മുൻഗണനാ ലിസ്റ്റിൽ പെടാത്തവർക്ക് മാസം 15 കിലോ അരി വീതം ഓരോ കുടുംബത്തിനും കൊടുക്കും. അതോടൊപ്പം പലവ്യഞ്ജനങ്ങളുടെ കിറ്റും കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഒറ്റപ്പെട്ട തരത്തിൽ കഴിയുന്ന ഒരു കുടുംബവും പട്ടിണി കിടക്കാൻ ഇടവരരുത്. രോഗം വന്ന് അലയുന്നവരുടെ കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി.
വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് പാചകം ചെയ്ത ഭക്ഷണം നൽകണമെന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യം നടപ്പിലാക്കുന്നത് ജില്ലാ ഭരണസംവിധാനം ഉറപ്പുവരുത്തും.സപ്ലൈകോ കൊച്ചിയിൽ നാളെ ( മാർച്ച് 27) ഓൺലൈൻ വഴി അവശ്യ ഭക്ഷ്യ സാധനങ്ങൾ വിതരണ ചെയ്യുന്നതിനു തുടക്കം കുറിക്കുമെന്ന് സിഎംഡി പി.എം അലി അസ്ഗർ പാഷ അറിയിച്ചു. സൊമോറ്റോയുമായിട്ടാണ് ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുള്ള കരാറായിട്ടുള്ളത്. പ്രാരംഭ നടപടി എന്ന നിലയിലാണ് സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിനു എട്ടുകിലോ മീറ്റർ പരിധിയിൽ ഭക്ഷണ സാധനങ്ങൾ എത്തിക്കുക. തുടർന്ന് സംസ്ഥാനത്ത് 17 ഇടങ്ങളിൽ ഓൺലൈൻ സംവിധാനം ആരംഭിക്കും. ഓൺലൈൻ വഴി ഓർഡർ ചെയ്താൽ 40,50 മിനിറ്റിനകം ഭക്ഷ്യവസ്തുക്കൾ വീടുകളിൽ ലഭിക്കും. ഇ-പെയ്മെൻ്റാണ് നടത്തേണ്ടതെന്നും സി എംഡി അറിയിച്ചു. കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി, എല്ലായിടത്തും ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനും പരാതി പരിഹാര നടപടികൾ കാര്യക്ഷമമാക്കാനുമായി വാട്ടർ അതോറിറ്റി എല്ലാ ജില്ലകളിലും നോഡൽ ഓഫിസർമാരെ നിയോഗിച്ചു. വാട്ടർ അതോറിറ്റി കോവിഡ്- 19 സെല്ലിന്റെ ഭാഗമായി ഇവർ പ്രവർത്തിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. സൂപ്രണ്ടിങ് എൻജിനീയർമാരെയും എക്സി. എൻജിനീയർമാരെയുമാണ് നോഡൽ ഓഫിസർമാരായി നിശ്ചയിച്ചിട്ടുള്ളത്. ജില്ലാ എമർജൻസി ഓപ്പറേഷൻ സെല്ലിൽ എത്തുന്ന കുടിവെള്ള പ്രശ്നങ്ങൾ നോഡൽ ഓഫിസർമാരെ അറിയിക്കാൻ 24 മണിക്കൂറും കളക്ടറേറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനും വാട്ടർ അതോറിറ്റി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.