ദ്രാവിഡിന്റെ സ്ഥാനത്തേക്ക് ലക്ഷ്മണിനെ നോട്ടമിട്ട് ബിസിസിഐ ; നിരസിച്ച് ലക്ഷ്മൺ

0
52
vvs-laxman-refuses-post-of-nca-head-as-bcci-begins-search-for-rahul-dravid-s-replacement

ദേശീയ ക്രിക്കറ്റ് അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് പകരക്കാരനെ തേടി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). യുവതാരങ്ങളെ വാർത്തെടുക്കുന്ന പ്രസ്ഥാനത്തിന്റെ അമരത്തേക്ക് ദ്രാവിഡിന്റെ സമകാലികൻ കൂടിയായ മുൻ താരം വി.വി.എസ്. ലക്ഷ്മണിനെ പരിഗണിച്ചെങ്കിലും അദ്ദേഹം വിസമ്മതിച്ചതായാണ് പുറത്ത് വരുന്ന വാർത്തകൾ. ഇന്ത്യൻ ക്രിക്കറ്റിന് മികച്ച സംഭാവനകൾ നൽകിയിട്ടുള്ള മുൻ താരങ്ങളെ എൻസിഎ തലപ്പത്ത് നിയോഗിക്കാനാണ് ബിസിസിഐയ്ക്കു താൽപര്യം. ഈ സാഹചര്യത്തിലാണ് ലക്ഷ്മണിനെ സമീപിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിന്റെ ബാറ്റിങ് കൺസൾട്ടന്റും ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ മെന്ററുമായതിനാലാണ് ലക്ഷ്മൺ ബിസിസിഐയെ വിസമ്മതം അറിയിച്ചത്. 134 ടെസ്റ്റുകളിൽനിന്ന് 17 സെഞ്ചുറികൾ സഹിതം 8781 റൺസ് നേടിയിട്ടുള്ള ലക്ഷ്മൺ, ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായിട്ടാണ് അറിയപ്പെടുന്നത്.

ട്വന്റി20 ലോകകപ്പിനുശേഷം രവി ശാസ്ത്രി ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്നതോടെയാണ് ദ്രാവിഡ് തൽസ്ഥാനത്തെത്തുക. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ആദ്യം വിസമ്മതിച്ച രാഹുൽ ദ്രാവിഡ്, പിന്നീട് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് മനസ്സു മാറ്റിയത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായില്ലെങ്കിലും യുഎഇയിൽ നടക്കുന്ന ലോകകപ്പിനു പിന്നാലെ ദ്രാവിഡ് ചുമതലയേൽക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചന നൽകി. ഇതോടെ, എൻസിഎയിൽ ദ്രാവിഡിനു പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ.

ഷിനോജ്