പ്രാര്‍ത്ഥനാ ഗ്രൂപ്പ്‌ വഴി വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് , പ്രതി സമ്പാദിച്ചത് കോടികള്‍ !

0
125

കൊച്ചി: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത സംഭവത്തില്‍ അറസ്റ്റിലായ കാസര്‍കോട് സ്വദേശി ജോഷി തോമസ് സമ്പാദിച്ചത് കോടികള്‍ .50ലധികം പേരാണ് പോലീസ് സ്റ്റേഷനിൽ ഇയാള്‍ക്കെതിരെ പരാതിയുമായെത്തിയത്  . പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു, ഇതിനിടെ ദുബായിയില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ സമയത്താണ് സൗത്ത് പോലീസ് ജോഷിയെ അറസ്റ്റു ചെയ്തത്.

പ്രാര്‍ത്ഥനാ ഗ്രൂപ്പ്‌ കേന്ദ്രീകരിച്ചുള്ള ജോഷി തോമസിന്റെ  തട്ടിപ്പിനെ കുറിച്ച് True Tv മുന്‍പും റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. കാസര്‍കോട് ബന്തടുക്ക കരിവേടകം സ്വദേശിയായ ജോഷി ഇതിനു മുൻപും പോലീസിന്റെ പിടിയിലകപ്പെട്ടിരുന്നു. കേസില്‍ ജാമ്യത്തിലിറങ്ങി വിദേശത്ത് കടന്ന പ്രതി അവിടെ നിന്നും തട്ടിപ്പുമായി വീണ്ടും സജീവമാവുകയായിരുന്നു. ജോഷിയുടെ തട്ടിപ്പിനു ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച ആവിക്കര പൊക്കണ്ടത്തില്‍ മാര്‍ഗരറ്റ് മേരിയെ    പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

ബംഗളൂരു കേന്ദ്രീകരിച്ച് നടത്തിയിരുന്ന ‘സെയ്ന്റ് ജോര്‍ജ് പ്രാര്‍ഥനാ ഗ്രൂപ്പി’ന്റെ മറവിലായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇംഗ്ലണ്ട് കാനഡ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് ഒരു യോഗ്യതയും ഇല്ലാതെ തന്നെ ജോലി തരപ്പെടും എന്ന് വിശ്വസിക്കാൻ മലയാളികൾ ഇപ്പോഴും തയ്യാറാണ് എന്നതാണ് ജോഷി തോമസും സംഘവും നടത്തിയ തട്ടിപ്പിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. പ്രാർത്ഥനാ ഗ്രൂപ്പ് വഴി ഒരിക്കലും ഇത്തരം ഒരു തട്ടിപ്പ് നടക്കില്ലെന്നു കരുതിയ അപേക്ഷകരുടെ നിഷ്‌കളങ്കതയാണ് ജോഷി തോമസിന്റെ തട്ടിപ്പിന് അടിത്തറയായത് ,

എസ് ഐമാരായ ജോസ് അഗസ്റ്റിന്‍ എ എസ് ഐ വിനോജ്, സി കെ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.