വെള്ളാപ്പള്ളി നടേശൻ 1600 കോടി രൂപ വെട്ടിച്ചെന്ന ആരോപണവുമായി ടി.പി. സെൻകുമാർ

0
101

തിരുവനന്തപുരം : എസ്.എൻ.ഡി.പി യോ​ഗത്തിൽ നിന്നും വെള്ളാപ്പള്ളി നടേശൻ പണം തട്ടിയെന്ന ആരോപണവുമായി മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ. എസ്.എൻ ട്രസ്റ്റിന്റെ കീഴിലുള്ള സ്കൂളുകളിലേയ്ക്കും കോളേജുകളിലേയ്ക്കുമായി അഡ്മിഷനും നിയമനങ്ങൾക്കുമായി വാങ്ങിയ 1600 കോടി രൂപ കാണാതായിട്ടുണ്ടെന്ന് വാർ‌ത്താ സമ്മേളനത്തിൽ സെൻകുമാർ ആരോപിച്ചു. സമ്പത്തിന് മുകളിൽ ഒന്നുമില്ലയെന്ന് വിശ്വസിക്കുന്നയാളാണ് വെള്ളാപ്പള്ളി നടേശൻ എന്ന് ശ്രീ സുഭാഷ് വാസു ആരോപിച്ചു. എസ് എൻ ട്രസ്റ്റിന്റെ കീഴിൽ വരുന്ന സ്കൂളുകളിലും കോളേജുകളിലും എത്ര നിയമനങ്ങൾ നടന്നുവെന്ന് അന്വേഷിക്കണമെന്നും പണം കൊടുത്തവർ വിശദ വിവരങ്ങൾ പേടികൂടാതെ വെളിപ്പെടുത്തണമെന്നും മുൻ ഡി.ജി.പി സെൻകുമാർ പറഞ്ഞു. പണം കൊടുത്തവർ ഡോണേഷൻ ആണ് കൊടുത്തത് അതിനാൽ തന്നെ സ്വതന്ത്രമായി വരാം അവർ സാക്ഷികളാണ് ഒരിക്കലും പ്രതി ചേർക്കപ്പെടില്ലായെന്നും സെൻകുമാർ പറഞ്ഞു. ഒരു പൈസ പോലും അധികമായി ഉണ്ടാക്കരുതെന്നാണ് ശ്രീ നാരായണ ​ഗുരു പറഞ്ഞിരിക്കുന്നത് അതിൽ നിന്നും മാറിയാണ് എസ്‍.എൻഡി പി സഞ്ചരിക്കുന്നത്. എസ്‍എൻഡിപിയുടെ ആയിരത്തോളം ശാഖകൾ വ്യാജമാണ്. അം​ഗങ്ങളുടെ വോട്ടു നോക്കിയാൽ സമുദായ ജനസംഖ്യയേക്കാൾ കൂടുതൽ ആണ്. മലബാർ മേഖലയിലാണ് കള്ള വോട്ടുകൾ കൂടുതൽ എന്നും ഇതിന്റെ രേഖകൾ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സുതാര്യമായി തിരഞ്ഞെടുപ്പ് നടത്തി ജയിച്ചാൽ വെള്ളാപ്പള്ളിക്ക് തുടരുവാൻ കഴിയുമെന്നും സെൻകുമാർ പറഞ്ഞു.
ശിവ​ഗിരി തീർത്ഥാടനത്തിനായി എസ്എൻഡിപി 100 രൂപ വീതം പിരിച്ചിരുന്നു. ആ പണത്തിന്റെ ബാ​ക്കിയെവിടെയെന്നും അന്വേഷിക്കണം. കേരളത്തിൽ ആദ്യം രൂപംകൊണ്ട നവോത്ഥാന പ്രസ്ഥാനമാണ് എസ്‍എൻഡിപി. ഇത് ഒരു കുടുംബത്തിന്റെ മാത്രമായി ചുരുക്കരുത്. ഞാൻ രാജാവും എന്റെ മകൻ രാജകുമാരനും എന്ന രീതി മാറണം. സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടത്തുകയും അതുവരെ വെള്ളാപ്പള്ളി നടേശൻ തൽസ്ഥാനത്തു നിന്നും മാറി നിൽക്കുകയും ചെയ്യണമെന്ന് സെൻ കുമാർ പറഞ്ഞു. വാർത്താ സമ്മേളനത്തിനിടയിൽ ചോ​ദ്യം ചോദിച്ചവരോട് പുറത്തു പോകണമെന്ന് സെൻകുമാർ ആവശ്യപ്പെട്ടത് വാക്കേറ്റത്തിനും തർക്കത്തിനും ഇടയാക്കി.