യു.എസ് ഓപ്പണിൽ ദ്യോകോവിച്ചിന്‍റെ കണ്ണീർ മഴ ; ഡാനിയല്‍ മെദ്‍വദേവിന് കിരീടം

0
197

 

 

യു.എസ് ഓപ്പണ്‍ പുരുഷ കിരീടം റഷ്യന്‍ താരം ഡാനിയല്‍ മെദ്‍വദേവിന്. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് മെദ്‍വദേവ് കന്നി കിരീടം ചൂടിയത്. ഫൈനലിലെ തോല്‍വിയോടെ ദ്യോകോവിച്ചിന്‍റെ കലണ്ടര്‍ സ്ലാം പ്രതീക്ഷ അവസാനിച്ചു.നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഡാനിയല്‍ മെദ്‍വദേവിന്‍റെ അട്ടിമറി വിജയം. സ്കോര്‍ ( 6-4, 6-4, 6-4 ). ഒന്നാം സെറ്റിൽ അവിശ്വസനീയമായ കൃത്യതയോടെ റാക്കറ്റ് വീശിയ മെദ്വദേവ്  ദ്യോക്കോവിച്ചിനെ ചിത്രത്തിലേ ഇല്ലാതാക്കിയിരുന്നു. എട്ട് ഏസുകൾ ഉതിർത്ത മെദ്വദേവ് 6-4 ന് ആദ്യ സെറ്റ് സ്വന്തമാക്കി മത്സരത്തിന്‍റെ ഫലസൂചന ആദ്യം തന്നെ വ്യക്തമാക്കി.

കിരീടം നേടിയിരുന്നെങ്കില്‍ കലണ്ടര്‍ സ്ലാം നേടുന്ന മൂന്നാമത്തെ പുരുഷ താരമെന്ന നേട്ടം നൊവാക് ദ്യോകോവിച്ചിനെ തേടിയെത്തിയേനെ, ഒപ്പം കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡും. എന്നാല്‍ എല്ലാ ചരിത്ര നേട്ടത്തിനും മുകളില്‍ വന്‍‌മതില്‍ തീര്‍ത്ത് ഡാനിയല്‍ മെദ്‍വദേവ് എന്ന 25 കാരന്‍ നെഞ്ചുവിരിച്ച് നിന്നു. ഒടുവില്‍ രണ്ടാം യു.എസ് ഓപ്പൺ ഫൈനൽ മാത്രം കളിക്കുന്ന മെദ്വദേവിന് മുന്നില്‍ തലകുനിച്ച് ദ്യോകോവിച്ച് മടങ്ങി.

ഷിനോജ്