ആമുഖം തീരെ ആവശ്യമില്ലാത്ത ഒരു കാർ ആണ് അംബാസിഡർ. ജാംബവാന്റെ കാലം മുതൽ ഇന്ത്യയിലുള്ള നേതാക്കൾക്കും, പണക്കാർക്കും, പാവങ്ങൾക്കും എല്ലാം സ്വന്തമായിരുന്ന നമ്മുടെ സ്വന്തം അംബാസിഡർ. 1958-ൽ ഇന്ത്യയിലെത്തിയ അംബാസിഡർ വർഷങ്ങൾക്ക് ശേഷം 2014-ലാണ് പുത്തൻ വാഹനങ്ങളുടെ കുത്തൊഴുക്കിൽ പിടിച്ചു നിൽക്കാൻ സാധിക്കാതെ വിടവാങ്ങിയത്. ഇപ്പോഴും അംബാസിഡറിനെ വീണ്ടും വിപണിയിലെത്തിച്ചാൽ വാങ്ങാൻ ആൾകാരുണ്ടാകും എന്നുള്ളത് പകൽ പോലെ സത്യം. ഈ സാധ്യത പ്രയോജനപ്പെടുത്താൻ തയ്യറെടുക്കുകയാണ് ആഡംബര കാറുകൾ കസ്റ്റമൈസ് ചെയ്യുന്നതിൽ പ്രസിദ്ധനായ കാർ ഡിസൈനർ ദിലീപ് ചാബ്രിയയുടെ ഉടമസ്ഥതയിലുള്ള ഡിസി2 കസ്റ്റമൈസേഷൻ. കഴിഞ്ഞ വർഷമുണ്ടായ സാമ്പത്തിക തിരിച്ചടി മറികടന്നു വീണ്ടും ഡിസൈനിംഗിലേക്ക് തിരിഞ്ഞ ചാബ്രിയയും കൂട്ടരും ഇത്തവണ കൈവയ്ക്കാൻ ഒരുങ്ങുന്നത് നമ്മുടെ സ്വന്തം അംബാസിഡറിൽ. അണിയറയിൽ തയ്യാറാവുന്ന ഇലക്ട്രിക്ക് ഹൃദയവും തട്ടുപൊളിപ്പൻ ലുക്കുമുള്ള ഡിസി2 അംബാസിഡറിന്റെ ചിത്രങ്ങൾ കമ്പനി പുറത്തു വിട്ടു.
അംബാസിഡർ കാറിന്റെ വിളിപ്പേരാണ് ആമ്പി. ഇലക്ട്രിക്ക് ഹൃദയവുമായെത്തുന്ന ഡിസി2-ന്റെ ഇലക്ട്രിക് അംബാസിഡറിന്റെ പേര് ഇ-ആമ്പി. നൊസ്റ്റാള്‍ജിയയും ആധുനിക ഡിസൈൻ സങ്കൽപ്പവും സമം ചേർത്ത് നിർമിച്ചതാണ് ഡിസി2 ഇ-ആമ്പി എന്നുള്ളത് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തം. ക്രോമിന്റെ അതിപ്രസരമുള്ള മുൻ ഗ്രില്ലും, ക്യാപ്സ്യൂൾ ആകൃതിയിലുള്ള ഹെഡ് ലാമ്പുമെല്ലാം പുത്തൻ ഡിസൈൻ സങ്കൽപങ്ങൾക്ക് യോജിച്ചതെങ്കിലും ഒറിജിനൽ അംബാസിഡറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് തയ്യാറാക്കിയിരിക്കുന്നത് എന്ന് വ്യക്തം. ഹെഡ് ലാമ്പുകൾ എൽഇഡി പ്രൊജക്ടർ യൂണിറ്റുകളാണ്. വശങ്ങളിലെ ചതുരാകൃതിയിലുള്ള പുറത്തേക്ക് അല്പം തള്ളി നിൽക്കുന്ന വീൽ ആർച്ചുകളും, പുറത്തേക്ക് തള്ളി നിൽക്കുന്ന ഡിക്കിയും ഒറിജിനൽ അംബാസിഡറിന്റെ ബാക്കി പത്രങ്ങൾ ആണ്. അതെ സമയം എൽഇഡി റെയിൽ ലാംപ്, അലോയ് വീലുകൾ എന്നിവ പുതുമ നിറഞ്ഞതാണ്.
ഒറിജിനൽ അംബാസിഡർ ഒരു പെർഫോമൻസ് കാർ അല്ല. പരമാവധി ആൾക്കാരെ കയറ്റിക്കൊണ്ടു യാത്ര ചെയ്യുക എന്നുള്ളതായിരുന്നു ലക്‌ഷ്യം. അതെ സമയം ഇലക്ട്രിക് എൻജിൻ ഇ-ആമ്പിയുടെ പെർഫോമൻസ് സാധ്യതകളെ തുറന്നിടും. ഇലക്ട്രിക് പവർട്രെയിനിന്റെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല എങ്കിലും, പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 100 കിലോമീറ്റർ വേഗത എത്തിപ്പിടിക്കാൻ ഇ-ആമ്പിയ്ക്ക് 5 സെക്കന്റ് മതിയാകും എന്നാണ് വിവരം. അങ്ങനെയെങ്കിൽ സൂപ്പർ കാറുകൾക്കുപോലും പെർഫോമൻസിൽ ഇ-ആമ്പി വെല്ലുവിളിയാകും. ഫ്ലോറിൽ ആയിക്കും ബാറ്ററി , ഭാരം കുറയ്ക്കാൻ ഡിസി2 ഇ-ആമ്പി കാർബൺ കോമ്പോസിറ്റ് മെറ്റീരിയലുകൾ ഉപയോഗിച്ചാവും ബോഡി നിർമിക്കുക എന്നും ദിലീപ് ചാബ്രിയ വ്യക്തമാക്കുന്നു. ഈ വർഷത്തിന്റെ അവസാനത്തോടെ ഡിസി2 ഇ-ആമ്പിയെ വിപണിയിലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

You must be logged in to post a comment Login