കൈത്തറി സ്കൂൾ യൂണിഫോം, കേരളത്തെ മാതൃകയാക്കാൻ കേന്ദ്രം
കേരളം വിജയകരമായി നടപ്പാക്കിയ സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതി മറ്റു സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും മാതൃകയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. പദ്ധതി നടപ്പാക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം സംസ്ഥാനങ്ങളിലെ കൈത്തറി ഡയറക്ടര്‍മാര്‍ക്ക് കത്തയച്ചു. കൈത്തറിയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റി കേരളത്തിലെത്തി യൂണിഫോം പദ്ധതി വിലയിരുത്തുകയും വിജയകരമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിയിലൂടെ നെയ്ത്തുകാര്‍ക്ക് തുടര്‍ച്ചയായി ജോലി നല്‍കാനും മെച്ചപ്പെട്ട കൂലി നല്‍കാനും കേരളത്തിന് സാധിച്ചുവെന്ന് ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം ചൂണ്ടിക്കാട്ടി. കൈത്തറി തൊഴിലാളികള്‍ക്ക് മിനിമം കൂലി നിശ്ചയിച്ച് ഉത്തരവിറക്കിയതും കേരളത്തിന്റെ മികവായി സാക്ഷ്യപ്പെടുത്തുന്നു. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി നടത്തിയ പഠനറിപ്പോര്‍ട്ടും കത്തിനൊപ്പമുണ്ട്. കൈത്തറി യൂണിഫോം പദ്ധതി കേരളത്തിലെ കൈത്തറിമേഖലയുടെ പുനരുജ്ജീവനം സാധ്യമാക്കിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യൂണിഫോം പദ്ധതി വരുമാനത്തില്‍ വര്‍ദ്ധനയുണ്ടാക്കിയതായി കേരളത്തിലെ 96 ശതമാനം നെയ്ത്തുകാരും പറയുന്നു. കൈത്തറി യൂണിഫോം ധരിക്കുന്നതില്‍ 98 ശതമാനം കുട്ടികളും പൂര്‍ണ്ണ തൃപ്തരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രതിസന്ധിയിലായിരുന്ന കൈത്തറി മേഖലയെ വീണ്ടെടുക്കാനാണ് വ്യവസായ വകുപ്പ് സൗജന്യ കൈത്തറി യൂണിഫോം പദ്ധതി നടപ്പാക്കിയത്. നെയ്ത്തുകാര്‍ക്ക് നൂലും കൂലിയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നു. യൂണിഫോം പദ്ധതിയിലൂടെ 5200 ഓളം നെയ്ത്തുകാര്‍ക്ക് നേരിട്ടും അതിലധികം പേര്‍ക്ക് അനുബന്ധമേഖലകളിലും ജോലി ലഭിച്ചു. മൂന്നു വര്‍ഷത്തിനിടെ 15 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കായി 70 ലക്ഷം മീറ്റര്‍ തുണി വിതരണം ചെയ്തു. അടുത്ത അദ്ധ്യയനവര്‍ഷം 10 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം തുണി വിതരണം ചെയ്യും.

You must be logged in to post a comment Login