അവസാന ട്വന്റി ട്വന്റിയിൽ ഇന്ത്യയെ തകർത്ത് ലങ്ക

0
179

 

ലെഗ്‌സ്പിന്നർ വനിന്ദു ഹസരങ്കയുടെ മികവിൽ ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്കയ്ക്ക് ആധികാരിക വിജയവും പരമ്പരയും. ഏഴു വിക്കറ്റിനാണ് ശ്രീലങ്ക ഇന്ത്യൻ യുവസംഘത്തെ തകര്‍ത്തത്. വനിന്ദു ഹസരങ്കയാണ് മത്സരത്തിലെയും പരമ്പരയിലെയും താരം.തുടർച്ചയായ അഞ്ചു ടി20 പരമ്പര പരാജയങ്ങൾക്കുശേഷമാണ് ശ്രീലങ്ക സ്വന്തം മണ്ണിൽ വിജയം സ്വന്തമാക്കിയത്.

ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് പറഞ്ഞയക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഇന്ത്യൻ നായകൻ ശിഖർ ധവാനെ ദുഷ്മന്ത ചമീറ പുറത്താക്കി. നേരിട്ട ആദ്യ പന്തിൽ തന്നെ സ്ലിപ്പിൽ അനായാസ ക്യാച്ച് നൽകി നായകൻ മടങ്ങി. തുടർന്നങ്ങോട്ട് കൂട്ടത്തകർച്ചയായിരുന്നു. വന്നവരെല്ലാം വഴിക്കുവഴിക്ക് പവലിയനിലേക്കു മടങ്ങി. മലയാളി താരം സഞ്ജു സാംസൻ ഒരിക്കൽ കൂടി നിരാശപ്പെടുത്തി. നാല് ഓവറിൽ ഒൻപത് റൺസ് മാത്രം വിട്ടുകൊടുത്താണ് വാനിന്ദു ഹസരങ്ക നാല് വിക്കറ്റ് പിഴുതത്. ദാസുൻ ശാനക രണ്ടു വിക്കറ്റും ദുഷ്മന്ത ചമീറ, രമേശ് മെൻഡിസ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ഇന്ത്യയെ 81 റൺസിൽ പിടിച്ചുകെട്ടിയ ശേഷം മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കൻപടയ്ക്കുമുൻപിൽ ഒരു ഘട്ടത്തിൽ പോലും വെല്ലുവിളിയുയർത്താൻ ഇന്ത്യൻ ബൗളർമാർക്കായില്ല. ഓപണർമാരായ ആവിശ്ക്ക ഫെർണാണ്ടോ(12), മിനോദ് ഭാനുക(18) എന്നിവരെയും മൂന്നാമനായെത്തിയ സമരവിക്രമ(6)യും കൂടാരം കയറ്റിയ രാഹുൽ ചഹാറിന്റെ മികച്ച ബൗളിങ് പ്രകടനം മാത്രമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. നാല് ഓവറിൽ 15 റൺസ് കൊടുത്താണ് ചഹാർ മൂന്ന് വിക്കറ്റ് നേടിയത്. നാലാമനായെത്തിയ ധനഞ്ജയ ഡിസിൽവ(20 പന്തിൽ 23)യും ഹസരങ്ക(ഒൻപത് പന്തിൽ 14)യും ചേർന്ന് അനായാസ ലങ്കൻ വിജയം 33 പന്ത് ബാക്കിനിൽക്കെ പൂർത്തിയാക്കുകയും ചെയ്തു.

ഷിനോജ്