ലോക രാജ്യങ്ങളിൽ കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കോവിഡിനെ പ്രതിരോധിക്കാൻ മലേറിയ എന്ന രോഗത്തിന് ഉപയോഗിക്കുന്ന മരുന്ന് ഫലപ്രദമാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് ട്രംപും ഈ വാദത്തെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഫ്രാൻസിൽ കോവിഡ് രോഗം ബാധിച്ചവർക്ക് മലേറിയക്ക് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രേക്സിക്ലോറോക്വിൻ ഫലപ്രദമായി ഉപയോഗിച്ചിരുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഈ വാദത്തെ പിന്തുണച്ചു കൊണ്ട് യു.എസ് പ്രസിഡന്റ് ട്രംപ് ശനിയാഴ്ച വൈറ്റ് ഹൗസിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ ഇതേകുറിച്ച് സംസാരിക്കുകയുമുണ്ടായി. കുറച്ചു ദിവസങ്ങളായി ഈ മരുന്നിനെ സംബന്ധിച്ച് നടക്കുന്ന ഒരു ശാസ്ത്രീയ പഠനത്തെക്കുറിച്ച് ട്രംപ് ട്വിറ്ററിൽ ട്വീറ്റ് ചെയ്യുകയും ഉണ്ടായി, എന്നാൽ ഇത് സ്ഥിരീകരിക്കണമെങ്കിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നാണ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പറയുന്നത്. എന്നാൽ കൊറോണ ബാധയ്ക്ക് ഈ മരുന്ന് ഒരു ഗെയിം ചെയ്ഞ്ചർ ആയിരിക്കുമെന്നാണ് ഞാൻ കരുതുന്നതെന്നും എത്രയും പെട്ടന്ന് ഈ മരുന്ന് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.
ലോകം മുഴുവൻ പടർന്നു പിടിക്കുകയും മരണ സംഖ്യ പതിനായിരം കടക്കുകയും ചെയ്തിരിക്കുന്ന കൊറോണ രോഗത്തിനെതിരെ ചിലയിടങ്ങളിലെങ്കിലും ഈ മരുന്ന് നൽകി തുടങ്ങിയിട്ടുണ്ട്. എന്നാൽ മരുന്ന് ഫലപ്രദമായിരുന്നു എന്നതിനുള്ള ഒരു ശാസ്ത്രീയ തെളിവുകളും ഇതുവരെ പുറത്തു വന്നിട്ടില്ല. മാർക്കറ്റിൽ സുലഭമായി ലഭിക്കുന്ന ഈ മരുന്നിന് വിലയും കുറവാണ്. ഈ മരുന്ന് കോവിഡ് 19 നെ തുരത്താനുള്ള തുറുപ്പു ചീട്ടാകുമോ എന്ന പരീക്ഷണങ്ങൾ നടക്കുകയാണെന്നും അധികം താമസമില്ലാതെ തന്നെ നമ്മുക്ക് അത് മനസ്സിലാക്കാൻ സാധിക്കുമെന്നും ഞാൻ ആത്മവിശ്വാസത്തിലാണെന്നും ട്രംപ് പറയുന്നു.

You must be logged in to post a comment Login