36 മണിക്കൂർ നീണ്ടു നിൽക്കുന്ന സന്ദർശനത്തിനു വേണ്ടി ഇന്ന് രാവിലെ 11.40 നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലനിയയും ഇന്ത്യയിലെത്തിയത്. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് ഇരുവരെയും സ്വീകരിച്ചത്. ട്രംപ് പിന്നീട് മഹാത്മാ ഗാന്ധിയുടെ സബർമതി ആശ്രമം സന്ദർശിക്കുകയും ചർക്കയിൽ നൂൽ നൂൽക്കുകയുമുണ്ടായി. വിമാനത്താവളത്തിൽ നിന്നും മൊട്ടേര സ്റ്റേഡിയത്തിലേക്കുള്ള ട്രംപിന്റെ റോഡ് ഷോയ്ക്കിടെയാണ് അദ്ദേഹം ആശ്രമത്തിലേക്ക് എത്തിയത്.
വിമാനത്താവളത്തിൽ നിന്നും സ്റ്റേഡിയത്തിലേക്കുള്ള വഴിയിൽ വിവിധ ഇനം കലാരൂപങ്ങളാണ് ഒരുക്കിയിരുന്നത് . ട്രംപിന്റെ വരവ് പ്രമാണിച്ചു ഫ്ലക്സുകളും തോരണങ്ങളും നിറച്ച് വർണാഭമായാണ് അഹമ്മദാബാദ് ഒരുക്കിയിരുന്നത്. മൊട്ടേരയിലെ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിൽ വിവിധ ഇനം കലാപരിപാടികൾ അരങ്ങേറുകയുണ്ടായി. രാവിലെ മുതൽ ഇവിടേക്ക് ജനം ഒഴുകിയെത്തിയിരുന്നു. ട്രംപിന്റെ സന്ദർശനത്തെ വളരെ ആകാംക്ഷയോടെയാണ് മറ്റു രാജ്യങ്ങളെല്ലാം വീക്ഷിക്കുന്നത്. നിർണായകമായ നയതന്ത്ര ചർച്ചകൾ ചൊവ്വാഴ്ചയാണ് നടക്കുക. ആഗ്രയിലെത്തി താജ് മഹൽ സന്ദർശിച്ച ശേഷമായിരിക്കും ട്രംപിന്റെ ഡൽഹിയിലേക്കുള്ള മടക്കം.

You must be logged in to post a comment Login